ബംഗളൂരു ജെ.പി. നഗരത്തില്‍ വിശ്വാസവഞ്ചനയുടെ ഞെട്ടിക്കുന്ന സംഭവം. 60കാരിയായ ആശാ ജാദവിന്റെ വീട്ടില്‍ 15 വര്‍ഷമായി ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരി മംഗള (32)യാണ് 50 ലക്ഷം രൂപയുടെ സ്വര്‍ണവും വെള്ളിയുമടങ്ങിയ ആഭരണങ്ങള്‍ മോഷ്ടിച്ചത്.
ഭര്‍ത്താവിന്റെ മരണശേഷം തനിച്ചായ ആശാ ജാദവ്, മൈസൂരിലെ ടി. നരസിപുര സ്വദേശിനിയായ മംഗളയെ വീട്ടുജോലിക്കാരിയായി നിയമിക്കുകയായിരുന്നു. കാലക്രമേണ ഇരുവരും തമ്മില്‍ അടുപ്പം വളര്‍ന്നു. മംഗളയെ സ്വന്തം മകളെപ്പോലെ കാണുന്ന ആശാ, അവളുടെ വായ്പ തിരിച്ചടച്ച് വീടും തിരിച്ചുപിടിക്കാന്‍ സഹായിച്ചു. വിശ്വാസത്തിന്റെ പ്രതിഫലമായി, ആശാ തന്റെ അഞ്ചുകോടിയിലധികം വിലമതിക്കുന്ന വീടിന്റെ വില്‍പത്രം മംഗളയുടെ പേരിലാക്കി.
എന്നാല്‍ ഒക്ടോബര്‍ 10ന് പൂജയ്ക്കായി ആഭരണങ്ങള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അലമാര ശൂന്യമാണെന്ന് കണ്ട ആശാ ഞെട്ടിപ്പോയി. മാലകള്‍, വളകള്‍, കമ്മലുകള്‍, വെള്ളിആഭരണങ്ങള്‍, ഒരു ലക്ഷം രൂപ പണമായി തുടങ്ങിയവ നഷ്ടമായിരുന്നു. മംഗള ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്ന് പൊലീസിന് സംശയം തോന്നി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മംഗള കുറ്റം സമ്മതിച്ചു. അലമാരയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കി ആഭരണങ്ങള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ ബെറ്റിംഗിനായി പണയം വെച്ചതാണെന്ന് അവള്‍ വെളിപ്പെടുത്തി. ജയനഗറും രാമമൂര്‍ത്തിനഗറിലുമുള്ള കടകളില്‍ ആഭരണങ്ങള്‍ പണയം വെച്ചതായി മംഗള സമ്മതിച്ചു.
പോലീസ് 458 ഗ്രാം സ്വര്‍ണാഭരണങ്ങളും 3.8 കിലോഗ്രാം വെള്ളിയും (മൂല്യം ഏകദേശം 51.4 ലക്ഷം) വീണ്ടെടുത്തു.
മകളെപ്പോലെ കരുതിയ ജോലിക്കാരി തന്നെ വഞ്ചിച്ചതറിഞ്ഞ ആശാ ജാദവ് വില്‍പത്രം റദ്ദാക്കി. മംഗളയെ പൊലീസ് അറസ്റ്റ് ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.
ഓണ്‍ലൈന്‍ ചൂതാട്ടം മനുഷ്യരെ നശിപ്പിക്കുന്നു. വിശ്വാസത്തെ വഞ്ചിച്ച് പണം നേടാന്‍ ശ്രമിച്ച മംഗളയുടെ ജീവിതം തന്നെ ഇതിലൂടെ തകര്‍ന്നു പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് വ്യക്തമാക്കി.