kerala

വൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

By sreenitha

January 16, 2026

പാലാ: വൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി. മുത്തോലി സ്വദേശി പള്ളിപ്പറമ്പില്‍താഴെ പ്രകാശ് (63) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെയാണ് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ 12ന് വൈകീട്ട് 6.45ഓടെ പാലാ ബിഷപ് ഹൗസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

വൈദികനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെയും വാഹനവും തിരിച്ചറിഞ്ഞ് പിടികൂടിയതെന്ന് പാലാ ഡിവൈ.എസ്.പി കെ. സദന്‍ അറിയിച്ചു.