kerala

മൈക്ക് കേടായി, പ്രസംഗം തടസ്സപ്പെട്ടു; പകരം മറ്റൊരു മൈക്ക് കൊടുത്തെങ്കിലും വാങ്ങാതെ മുഖ്യമന്ത്രി

By webdesk13

May 22, 2023

കോട്ടയം: നാഗമ്പടത്തെ പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ മൈക്ക് കേടായി. പ്രസംഗം തടസ്സപ്പെട്ടു. മൈക്കിന്റെ കണക്ഷന്‍ വയറില്‍ നിന്നുള്ള തകരാര്‍ മൂലം മൂന്ന് തവണ ചെറിയ ശബ്ദം ഉണ്ടായി. പൊടുന്നനെ മൈക്ക് കേടാവുകയും ചെയ്തു. വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി വി.എന്‍ വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി.

ഇതിനിടെ ഉദ്യോഗസ്ഥന്‍ വേറെ രണ്ട് മൈക്ക് കൊണ്ടുവന്നെങ്കിലും ശരിയായില്ല. മൂന്നാമത്തെ മൈക്ക് സ്റ്റാന്‍ഡില്‍ ഉറപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ കൈയ്യില്‍ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. തുടര്‍ന്ന് അത് സ്റ്റാന്‍ഡില്‍ ഉറപ്പിച്ചു.