editorial

സാംസ്‌കാരിക കേരളത്തിന്റെ മനസ്സ്

By webdesk17

February 12, 2026

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര ജനഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാനത്ത് ഭരണ മാറ്റത്തിന്റെ സൂചനകളും അലയൊലികളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സാഹിത്യ അക്കാദമി അധ്യക്ഷന്‍ കവി കെ. സച്ചിദാനന്ദന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെ അതിന് അനുഗുണമായ തരത്തിലുള്ള ഇടപെടലുകളാണ് ഇടതുപക്ഷ നേതാക്കളില്‍ നിന്നും സാഹിത്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുമെല്ലാം ഒരു പോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വസ്തുനിഷ്ഠവും അനുഭവത്തിന്റെ പിന്‍ബലത്തിലുമുള്ള ഈ വിലയിരുത്തലുകളാകട്ടേ സര്‍ക്കാറിനെയും സി.പി.എമ്മിനെയും വിറളി പിടിപ്പിക്കുമ്പോള്‍ യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്. വി.ഡി സതീശന്‍ നയിക്കുന്ന നവയുഗ യാത്രയിലും ഇടതുപക്ഷത്തിന്റെ നേത്യത്വത്തിലുള്ള മേഖലാ ജാഥകളിലും അനുകൂലമായും പ്രതികൂലമായും ഈ ചര്‍ച്ചകള്‍ പ്രകടമാവുകയും ചെയ്യുന്നുണ്ട്. ഭരണത്തുടര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്നായിരുന്നു ഒരു അഭിമുഖത്തിനിടെയുള്ള സച്ചിദാനന്ദന്റെ തുറന്നുപറച്ചില്‍. തുടര്‍ഭരണം നല്ലതല്ലെന്നും രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നും ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണെന്നും വ്യക്തമാക്കിയ അദ്ദേഹം തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാമെന്നും അവസരവാദികള്‍ ഒപ്പം കൂടുമെന്നും ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടന്നും കൂട്ടിച്ചേര്‍ത്തിരുന്നു. സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നതിലുപരി സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സച്ചിദാനന്ദന്റെ അഭിപ്രായ പ്രകടനം ഇടതുപക്ഷത്തിന്റെമേല്‍ ഇടിത്തീയായാണ് ഭവിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. വിശേഷിച്ചും ഭരണത്തുടര്‍ച്ചയുടെ പേര് പറഞ്ഞ് കേരളത്തിന്റെ തെക്കേ അറ്റംമുതല്‍ വട ക്കേ അറ്റംവരെ ജാഥ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാ ത്തലത്തില്‍. കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള സര്‍ക്കാ റിന്റെ പി.ആര്‍ വര്‍ക്കുകളെയെല്ലാം ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുന്നതായിരുന്നു ഈ പ്രഖ്യാപനം. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സച്ചിദാനന്ദന്റെ അഭിപ്രായപ്രകടനത്തെ പിന്തുണക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്നും വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് ഒതുങ്ങുന്നത് നാശത്തിനായിരിക്കുമെന്നുമായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. ഭരണാധികാരത്തില്‍ വന്നത് ഇടതുപക്ഷ പാര്‍ട്ടിയാണെന്നും അടിസ്ഥാന വര്‍ഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടതുണ്ടെന്നും ഇടതുപക്ഷം സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാന്‍ പാടില്ല എന്ന സമ്പ്രദായമാണ് നിലനില്‍ക്കുന്നത് എന്നുമായിരുന്നു അവരുടെ കൂട്ടിച്ചേര്‍ക്കല്‍. അധികാരം നിലനിര്‍ത്താന്‍ ഏതു പിശാചിനോടും കൂട്ടുകൂടും എന്ന പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണ് അവര്‍ക്ക് മുഖ്യം, ജനാധിപത്യമല്ല. വികസനം എന്നുള്ള പേരില്‍ കുറെ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വര്‍ഗമായ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല, തുടങ്ങിയ അവരുടെ വിമര്‍ശനങ്ങള്‍ക്ക് അതിശക്തമായ പ്രഹരശേശിയുണ്ടായിരുന്നു. ഇവരുടെ അഭിപ്രായങ്ങളെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തലങ്ങും വിലങ്ങും വിശദീകരിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ പതിവുപോലെ രംഗം കൈയ്യടക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമങ്ങളാണ് പിന്നീട് കണ്ടത്. അറപ്പുളവാക്കുന്ന അസഭ്യവര്‍ഷങ്ങള്‍ക്കൊണ്ട് വെളുക്കാന്‍ തേച്ചത് പാണ്ഡായ അവസ്ഥയിലാണ് ഇടതുപക്ഷം എത്തിപ്പെട്ടിരിക്കുന്നത്. സൈബര്‍ ആക്രമണത്തിന് മുന്നില്‍ മുട്ടുമടക്കുന്നതിന് പകരം അതിശക്തമായ തിരിച്ചടികൂടി സച്ചിദാനന്ദന്റെ ഭാഗത്തുനിന്നുണ്ടായതോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയ അവസ്ഥയിലാണ് അവര്‍ ഇപ്പോഴുള്ളത്. തന്നെ വിമര്‍ശിക്കുന്ന സൈബര്‍ കുട്ടങ്ങള്‍ മുഢ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണെന്നും അവര്‍ തന്റെ പുസ്തകം വായിക്കാത്തവരും തന്നെ അറിയാത്തവരുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ തന്നെ കുറിക്കുകയുണ്ടായി. പറഞ്ഞതില്‍ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നുള്ള നിലപാടുകൂടിയായപ്പോള്‍ പത്മവ്യൂഹത്തിലകപ്പെട്ടുപോയ പാര്‍ട്ടി ആയുധംവെച്ച് കിഴടങ്ങാനുള്ള സന്നദ്ധതപോലും അറിയിക്കുകയുണ്ടായി. അതിന്റെ ഭാഗമായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും അക്കാദമി വൈസ്‌ചെയര്‍മാന്റെയും അനുനയ സന്ദര്‍ശനം. ഇതിനിടയിലാണ് ഇരുട്ടടിയായി സി.പി.ഐ നേതാവ് സി. ദിവാകരന്റെ പ്രസ്താവനയുമുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഫാക്ടറികളോ നിര്‍മാണ കേന്ദ്രങ്ങളോ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതു കൊണ്ടാണ് യുവാക്കള്‍ തൊഴില്‍ തേടി ഇതര രാജ്യങ്ങളിലേക്ക് പോകുന്നതെന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യയെ മൊത്തത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ കേര ളം ഒരു ചെറിയ പഞ്ചായത്ത് മാത്രമാണെന്നും ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നുമുള്ള ദിവാകരന്റെ പരാമര്‍ശം സര്‍ക്കാരിന്റെ കഴിവുകേടിലേക്കും പിടിപ്പുകേടിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായിരുന്നു. ചുരുക്കത്തില്‍ സാധാരണക്കാര്‍ മാത്രമല്ല, സാംസ്‌കാരിക പ്രവര്‍ത്തകരും എന്തിന് സര്‍ക്കാറിന്റെ ഭാഗമായിനില്‍ക്കുന്നവര്‍ പോലും ദയയില്ലാതെ വിമര്‍ശിക്കുമ്പോള്‍ അതേറ്റ് പുളഞ്ഞുകൊണ്ടിരിക്കുകയാണ് പാര്‍ട്ടിയും മുന്നണിയും.