kerala

പതിനാലുകാരിയുടെ കൊലപാതകം; വിദ്യാര്‍ഥിനിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയില്‍

By sreenitha

January 16, 2026

മലപ്പുറം വണ്ടൂരില്‍ പതിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയില്‍ റെയില്‍വേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തി. കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് നിലമ്പൂര്‍ഷൊര്‍ണൂര്‍ റെയില്‍വേ പാതയിലെ തൊടികപ്പുലംവാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയിലെ പുള്ളിപ്പാടത്ത് വെള്ളിയാഴ്ച രാവിലെ 11ഓടെ കണ്ടെത്തിയത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനി അവിടെയെത്തിയിരുന്നില്ല. വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം കരുവാരകുണ്ട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാത്രി മുഴുവന്‍ പൊലീസ്, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.

സി.സി.ടി.വി ദൃശ്യങ്ങളില്‍ വിദ്യാര്‍ഥിനി വ്യാഴാഴ്ച സ്‌കൂള്‍ ഗേറ്റ് വരെ എത്തിയതായി വ്യക്തമായിരുന്നു. അതേസമയം, വ്യാഴാഴ്ച വൈകീട്ട് ആറോടെ അമ്മയുടെ ഫോണിലേക്ക് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ച് ഉടന്‍ വരുമെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വിളി വന്നത് തൊടികപ്പുലം മേഖലയിലാണെന്ന് കണ്ടെത്തി. പിന്നീട് ആ നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സുഹൃത്തായ പതിനാറുകാരനെ പൊലീസ് നിരീക്ഷണത്തിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ യൂനിഫോമിലായിരുന്ന മൃതദേഹം കൈകള്‍ മുന്‍വശത്തേക്ക് കെട്ടിയ നിലയിലായിരുന്നു. വായില്‍ തുണി തിരുകിയ നിലയിലും സമീപത്ത് സ്‌കൂള്‍ ബാഗും കണ്ടെത്തി.

ആദ്യഘട്ടത്തില്‍ പരസ്പരവിരുദ്ധ മൊഴികള്‍ നല്‍കിയ സുഹൃത്ത് പിന്നീട് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

തൃശൂര്‍ റേഞ്ച് ഐ.ജി അരുണ്‍ കൃഷ്ണ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.