kerala

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടു, നേരത്തെ വന്നു സ്ഥലം പരിശോധിച്ചു

By Lubna Sherin K P

November 25, 2024

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. പ്രതികള്‍ ഒന്നര മാസം മുന്‍പ് പദ്ധതിയിട്ടെന്നും നേരത്തെ വന്നു സ്ഥലം പരിശോധിച്ചിരുന്നെന്നും വ്യക്തമാക്കി. ഡമ്പല്‍ ഉപയോഗിച്ച് ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നും പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലേക്ക് എത്തുകയായിരുന്നു.

സംഭവത്തില്‍ കൊച്ചി കാക്കനാട് സ്വദേശി ഗിരീഷ് ബാബുവിനെയും സുഹൃത്ത് ഖദീജയേയും പൊലീസ് അറസ്റ്റ് ചെയ്തു.

കളമശ്ശേരി കൂനംതൈ-അമ്പലം റോഡിന് സമീപം അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ജെയ്സി എബ്രഹം (55) ആണ് ഈ മാസം 17ന് കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്മെന്റില്‍ തനിച്ചായിരുന്നു ജെയ്സി താമസിച്ചിരുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ് പൊലീസ് അന്വേഷണത്തില്‍ ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ എത്തുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ തെഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

മകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയിലാണ് അപ്പാര്‍ട്ട്മെന്റില്‍ ജെയ്സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ട് വിവരമില്ലാതായതോടെ കാനഡയിലുള്ള മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.