News

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകം; പ്രതി ഷിജിലിനെതിരെ സ്ത്രീധന പീഡനമടക്കം നിര്‍ണായക വെളിപ്പെടുത്തല്‍

By webdesk18

January 25, 2026

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ ഷിജിലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യ കൃഷ്ണപ്രിയയെ പീഡിപ്പിച്ചുവെന്ന പരാതിയുമായി കൃഷ്ണപ്രിയയുടെ അമ്മ പ്രഭ നെയ്യാറ്റിന്‍കര പൊലീസില്‍ മൊഴി നല്‍കി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുണ്ടെന്ന് ഷിജില്‍ പലരോടും പറഞ്ഞിരുന്നുവെന്നും, കൃഷ്ണപ്രിയയെ സ്വന്തം വീട്ടിലേക്കുപോലും പോകാന്‍ അനുവദിക്കാതിരുന്നതായും മൊഴിയില്‍ പറയുന്നു.

ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഒരുമാസത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞിരുന്നുവെന്നും, ഒരു വാരം മുന്‍പാണ് വീണ്ടും ഒരുമിച്ച് താമസിച്ചുതുടങ്ങിയതെന്നും പൊലീസ് അറിയിച്ചു. അതിനുശേഷമാണ് കുഞ്ഞിന്റെ കൊലപാതകം നടന്നത്. ഇക്കഴിഞ്ഞ 16ന് പുലര്‍ച്ചെ 3 മണിയോടെയാണ് ‘അപ്പു’ എന്ന് വിളിക്കുന്ന ഇഹാന്‍ എന്ന ഒരു വയസുകാരനെ ഷിജില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ദേഷ്യത്തില്‍ അടിവയറ്റില്‍ ശക്തമായി മര്‍ദ്ദിച്ചുവെന്നാണ് ഷിജിലിന്റെ കുറ്റസമ്മത മൊഴി. ആന്തരിക രക്തസ്രാവമാണ് മരണകാരണം. പുറമേ പരിക്കുകളില്ലായിരുന്നതിനാല്‍ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നില്ല.

ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാതിരുന്ന ഷിജിലിനെ കുടുക്കിയത് കുട്ടിയുടെ പരുക്കുകളെക്കുറിച്ചുള്ള ഫോറന്‍സിക് സര്‍ജന്റെ നിഗമനങ്ങളാണ്. കാഞ്ഞിരംകുളം സ്വദേശിയായ ഷിജിലിനെ ഇന്നലെ അറസ്റ്റ് ചെയ്ത പൊലീസ്, കൊലപാതകത്തിനൊപ്പം ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് നീക്കം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.