എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നത് കടുത്ത അനീതിയെന്ന് മുസ്ലിം ലീഗ്. ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ച് ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുറന്നടിച്ചത്. 1960 ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്‌സ് ചട്ടങ്ങളിലെ ചട്ടം 12 പ്രകാരം കരട് പ്രസിദ്ധികരിച്ചു കഴിഞ്ഞാൽ നിർബന്ധമായും അവകാശം ഉന്നയിക്കാനും തർക്കങ്ങൾ നൽകാനും 30 ദിവസം നൽകണമെ ന്നിരിക്കെ വിദേശത്ത് ജനിച്ച 5 ലക്ഷത്തോളം ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷ നൽകാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മുസ്ലിം ലീഗ് ഉൾപെടെയുള്ള രാഷ്ടീയ കക്ഷികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും 30 ദിവസം കാലാവധിയിൽ 12 ദിവസമായിട്ടും വെബ്സൈറ്റിൽ അനുവാദം നൽകിയിട്ടില്ല.
20 ലക്ഷത്തോളം പ്രവാസികളിൽ 75000 ആളുകൾ മാത്രമാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്. ജനുവരി 1 വരെ അപേക്ഷ സമർപ്പിക്കാൻ വെബ്സൈറ്റിൽ സാധിക്കുന്നുണ്ടായിരുന്നില്ല. ഈ അപാകതകൾ പരിഹരിച്ചതിന് ശേഷം 30 ദിവസം സമയം ലഭിക്കാൻ ചട്ടം 12 പ്രകാരം പ്രവാസികൾക്ക് അവകാശമുണ്ട്. ജനുവരി 22 ന് അവസാന ദിവസമായി തീരുമാനിക്കുന്നത് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധതയും അവകാശലംഘനവും ഇലക്ഷൻ കമ്മീഷൻ തുടർന്നാൽ അതിനെതിരെ പ്ര ക്ഷോഭം നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നോൺ മാപ്പിംഗ് എന്ന പേരിൽ നോട്ടീസ് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നവരിൽ ബഹുഭൂരിപക്ഷം ആളുകളും ബി.എൽ.ഒമാർ വഴി രേഖകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും അവരെയും നോട്ടീസ് അയച്ച് വരുത്തുന്നത് ചട്ടം 18ന് വിരുദ്ധമാണ്. നോട്ടീസ് കൊടുക്കാതെ തന്നെ അവരുടെ പേരുകൾ അന്തിമ പട്ടികയിൽ നില നിർത്തണം എന്നതാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. മലയാളത്തിലുള്ള പേരുകൾ ഇംഗ്ലീഷിലാക്കിയപ്പോൾ ഉണ്ടായ അക്ഷര പിശകിനെ ‘ലോജിക്കൽ ഡിസ്‌ക്രിപ്പൻസി എന്ന ഓമനപേരിട്ട് അവർക്കും നോട്ടീസ് കൊടുക്കുന്നത്. ഇലക്ഷൻ കമ്മിഷന് അക്ഷരത്തെറ്റ് വന്നതിന് വോട്ടർമാർ ഉത്തരവാദിയാണെന്ന് പ റയുന്നതിന് തുല്ല്യമാണ്.
പുതിയ 5003 ബൂത്തുകൾ ഉണ്ടാക്കി പുതിയ ബി.എൽ.ഒമാരെ വെച്ചപ്പോൾ ഏകോപനമില്ലാത്ത കൊണ്ടും പുതിയ ബി.എൽ.ഒമാർക്ക് പരിശീല നം ലഭിക്കാത്തതിന്റെ പേരിലും വോട്ടർമാർ അനാഥരാവുകയാണ്. വൃദ്ധർക്കും രോഗികൾക്കും പ്രതിനിധികൾ വഴി ഹിയറിംഗിന് ഹാജരാകാം എന്ന് ഉത്തരവിറക്കണമെന്നും ഇതേ ആനുകൂല്യം പ്രവാസികൾക്ക് നൽകുകയും ഒപ്പം ഓൺലൈൻ ഹിയറിംഗ് അനുവദിക്കുകയും വേണമെന്നും ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കണിയാപുരം ഹലീമും പങ്കെടുത്തു.