യു.ഡി.എഫിന്റെ ചരിത്ര വിജയത്തില്‍ വജ്രശോഭയോടെ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ന്യൂനപക്ഷ രാഷട്രീയത്തിന്റെ ഈ തേരോട്ടം പ്രതീക്ഷാ നിര്‍ഭരവും ആശാകിരണവുമായിത്തീരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മറ്റു നാലിടങ്ങളിലും പ്രതീക്ഷാ നിര്‍ഭരമായ ജനവിധിയല്ല പുറത്തുവന്നിരിക്കുന്നത്. അസമിലും പുതുച്ചേരിയിലും ബി.ജെ.പി സഖ്യത്തിന് അധികാരത്തുടര്‍ച്ചയുണ്ടായപ്പോള്‍ രാജ്യത്തെ മതേതര ചേരിയിലെ ശക്തമായ സാനിധ്യങ്ങളായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ മുസ്‌ലീം ലീഗ് പ്രസ്താനത്തിന് ലഭിച്ചിട്ടുള്ള പത്തരമാറ്റ് വിജയം നിയമസഭാ തിരഞ്ഞെടുപ്പിനപ്പുറത്തേക്കുള്ള വലിയ സന്ദേശമാണ് നല്‍കുന്നത്. റോക്കോര്‍ഡ് പുസ്തകങ്ങളില്‍ നിരവധി അധ്യായങ്ങള്‍ തുന്നിച്ചേര്‍ത്തുകൊണ്ടാണ് ഇത്തവണത്തെ മുസ് ലിം ലീഗ് വിജയം. 27 മണ്ഡലങ്ങളില്‍ മത്സരിച്ച പാര്‍ട്ടി 22 എണ്ണത്തിലും വെന്നിക്കൊടി പാറിപ്പിച്ചപ്പോള്‍ അതു മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമസഭാ പ്രാതിനിധ്യമായി മാറിയിരിക്കുകയാണ്. 1957 ലെ ആദ്യ സര്‍ക്കാര്‍ തൊട്ട് കേരളത്തിലെ എല്ലാ സഭകളിലും പ്രാതിനിധ്യമുണ്ടായിരുന്ന പാര്‍ട്ടിയുടെ ഇതിനു മുമ്പുള്ള ഏറ്റവും വലിയ വിജയം 2011 ലായിരുന്നു. 24 സീറ്റുകളില്‍ മത്സരിച്ച അന്ന് 20 സീറ്റുകളില്‍ വിജയം വരിച്ചിരുന്നു. കഴിഞ്ഞ തവണത്തെ 15 മണ്ഡലങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ഏഴു മണ്ഡലങ്ങള്‍ പതുതായി പിടിച്ചെടുക്കുകയായിരുന്നു.
മുസ്‌ലിം ലീഗ് വിജയിച്ച മണ്ഡലങ്ങളിലെ വിസ്മയകരമായ ഭൂരിപക്ഷം ജനങ്ങള്‍ക്കിടയിലുള്ള പാര്‍ട്ടിയുടെ സ്വാധീനം അടിവരയിടുകയാണ്. കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 85327 വോട്ടുമായി മലപ്പുറം മണ്ഡലത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷത്തിന്റെ കാര്യത്തിലും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞ കൊടുങ്കാറ്റിലും ഭൂരിപക്ഷത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് പ്രതിനിധികള്‍ തന്നെയാണ്. തിരൂരങ്ങാടിയില്‍ നിന്ന് 63387 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പി.എം.എ സമീര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ നേടിയ 61638 ആണ് മൂന്നാം സ്ഥാനത്ത്. ഇതിനു പുറമെ മഞ്ചേരിയിലും കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും അരലക്ഷത്തിനു മുകളിലാണ് ഭൂരിപക്ഷം. 22 ല്‍ രണ്ടു നിയോജക മണ്ഡലങ്ങളില്‍ മാത്രമാണ് പതിനായിരത്തിനു താഴെ ഭൂരിപക്ഷമുള്ളത് എന്നതു തന്നെ ഈ വിജയത്തിന്റെ മാറ്റ് അടയാളപ്പെടുത്തുന്നു. തോറ്റുപോയ അഞ്ചില്‍ മൂന്നു മണ്ഡലങ്ങളില്‍ ഉജ്വലപ്രകടനം കാഴ്ചവെച്ച് നിസാരവോട്ടുകള്‍ക്കാണ് കീഴടങ്ങിയിട്ടുള്ളത്.
അഴീക്കോട് 349 വോട്ടിനാണ് കൈവിട്ടുപോയതെങ്കില്‍ കൂത്തുപറമ്പില്‍ 1286 വോട്ടിനും ഗുരുവായൂര്‍ 1998 വെട്ടിനുമാണ് കീഴടങ്ങിയത്. നിയമസഭയിലെ മൂന്നാമത്തെ കക്ഷിയായി നിലയുറപ്പിച്ച പാര്‍ട്ടിക്ക് സി.പി.എമ്മിനെക്കാള്‍ നാലുസീറ്റ് മാത്രമാണ് കുറവ്. 85 സീറ്റുകളില്‍ മത്സരിച്ചാണ് സി.പി.എമ്മിന് 26 സീറ്റുകള്‍ ലഭിച്ചത്. പേരാമ്പ്രയിലെ ഫാത്തിമ തഹ്‌ലിയയുടെ വിജയത്തിലൂടെ ചരിത്രത്തിലാദ്യമായി നിയമസഭയില്‍ വനിതാ പ്രാധിനിത്യമെന്ന നേട്ടവുംകൂടി ലീഗിനെ തേടിയെത്തിയിരിക്കുകയാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലത്തില്‍ ഇടതുമുന്നണി കണ്‍വീനറെയാണ് തെഹ്‌ലിയ പരാജയപ്പെടുത്തിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തന്നെ മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ കേരളത്തെ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. പരിചയസമ്പന്നരോടൊപ്പം യുവാക്കള്‍, വനിതകള്‍ തുടങ്ങിയ എല്ലാ പരിഗണനകളും സമജ്ജസമായ സമ്മേളിച്ച സ്ഥാനാര്‍ത്ഥി പട്ടികയായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ അവതരിപ്പിച്ചത്. വ്യക്തമായ ചര്‍ച്ചകള്‍ക്കും കൃത്യമായ ആസൂത്രണങ്ങള്‍ക്കും ശേഷമുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ജനം ഹൃദയത്തിലേറ്റുവാങ്ങുന്നതിനാണ് തിരഞ്ഞെടുപ്പ് നാളുകള്‍ സാക്ഷ്യംവഹിച്ചത്. എണ്ണയിട്ട യന്ത്രംപോലെയുള്ള പാര്‍ട്ടി മിഷണറിയുടെ ചലനവും അല്‍ഭുതാവഹമായിരുന്നു. മുസ്‌ലിം ലീഗ് മണ്ഡലങ്ങളില്‍ മാത്രമല്ല, യു.ഡി.എഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുംവേണ്ടി മുന്നണിപ്പോരാളികളായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചത്.
പലമണ്ഡലങ്ങളിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പോലും അല്‍ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. ഈ ഊര്‍ജ്വസലമായ പ്രവര്‍ത്തനങ്ങളും മിന്നുന്ന വിജയവുമെല്ലാം ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മുസ്‌ലിം ലീഗ് നേടിയെടുത്തിട്ടുള്ള വിസ്മയാവഹമായ വളര്‍ച്ചയുടെ അടയാളപ്പെടുത്തലാണ്. കൃത്യമായ ലക്ഷ്യത്തോടെ വ്യക്തമായ മാര്‍ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പ്രസ്താനത്തെ ലക്ഷ്യത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്തുപോലും വ്യാപകമായി നടക്കുകയുണ്ടായി. എന്നാല്‍ വിവാദങ്ങള്‍ക്കും വിഭാഗീയതക്കുമൊന്നും തലവെച്ചുകൊടുക്കാന്‍ മുസ്‌ലിം ലീഗിന് സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൊതു സമൂഹത്തില്‍ പ്രസ്താനത്തിനുള്ള അംഗീകാരം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെ വിവിധ മേഖലകളില്‍ നിന്ന് പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന ജനസഞ്ചയം ഇതിനുള്ള തെളിവാണ്. ഒരു പതിറ്റാണ്ടിനു ശേഷം ചരിത്രഭൂരിപക്ഷത്തോടെ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളം മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ വീക്ഷിക്കുന്നത്.