കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയത് തര്‍ക്കമായി വൃദ്ധ ദമ്പതികളുടെ മാരകമായി മര്‍ദിച്ച അയല്‍വാസി പൊലീസ് പിടിയില്‍. കൈകള്‍ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലി ഒടിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയിലെ ടി. കെ. തോമസ് (58) ആണ് പിടിക്കപ്പെട്ടത്. ഒരാളെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന തോമസിനെ വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 24ാം തീയതി ലാന്‍സി തോമസിന്റെയും ഭാര്യ അമ്മിണിയുടെയും വീട്ടില്‍ കയറി ഇയാള്‍ ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയായിരുന്നു. ആദ്യം ലാന്‍സിയെയാണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോള്‍ ലാന്‍സിയുടെ ഇരു കൈകളുടെയും എല്ലുകള്‍ പൊട്ടി. അമ്മിണിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വലതു കൈയിലെ എല്ലും പൊട്ടുകയായിരുന്നു. അമ്മിണിയുടെ തല, കൈ, കാല്‍ എന്നിവയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. പതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ എം. എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി. എസ്‌ഐമാരായ ഇബ്രാഹിം, ദീപ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.