കൊച്ചി: അതീവ അപകടാവസ്ഥയിലായ ആര്‍മി ടവറില്‍ ഒറ്റയ്ക്കായി നീതി തേടിയ റിട്ട. കേണല്‍ സിബി ജോര്‍ജിന്റെ നിയമപോരാട്ടം ഫലം കണ്ടു. വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ആര്‍മി ടവറിലെ നിലവിലെ ഏക താമസക്കാരനായ അദ്ദേഹത്തിന് വാടകയും വീട് മാറ്റ ചെലവും നല്‍കാന്‍ ജില്ലാ കളക്ടര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ (എഡബ്ല്യുഎച്ച്ഒ) നിര്‍മിച്ച് ഏഴ് വര്‍ഷം മുന്‍പ് കൈമാറിയ സി ടവര്‍ അതീവ ദുര്‍ബലാവസ്ഥയിലാണെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടം അടിയന്തരമായി ഒഴിപ്പിക്കണമെന്ന ഉത്തരവുണ്ടായിട്ടും സിബി ജോര്‍ജും കുടുംബവും മാത്രമാണ് നിലവില്‍ ടവറിലെ താമസം. മുന്‍പ് എല്ലാ ഉടമകള്‍ക്കും ആറ് മാസത്തേക്ക് മാസം 35,000 രൂപ വീതം വാടകയും 30,000 രൂപ വീട് മാറാനുള്ള ചെലവും നല്‍കണമെന്ന് സെപ്റ്റംബര്‍ 10ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതിന് പിന്നാലെ സിബി ജോര്‍ജിന് മൂന്ന് മാസത്തെ വാടക മാത്രമാണ് കൈമാറിയത്. ഇനി നല്‍കാനുള്ള മൂന്ന് മാസത്തെ വാടകയും വീട് മാറ്റ ചെലവും രണ്ട് ആഴ്ചയ്ക്കകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. നിര്‍ദേശം പാലിക്കാത്ത പക്ഷം ജില്ലാ കളക്ടര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് കെ. നടരാജനും ജസ്റ്റിസ് ജോണ്‍സണ്‍ ജോണും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണെന്നും, ടവറുകള്‍ ഒഴിപ്പിച്ച് പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് കൈമാറാനുള്ള ചുമതല ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും എഡബ്ല്യുഎച്ച്ഒ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.