india

മകന്‍ ട്രാന്‍സ് ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

By webdesk18

December 26, 2024

ആന്ധ്രപ്രദേശ് : മകന്‍ ട്രാന്‍സ് ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി. ആന്ധ്രയിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം. മകന്‍ സുനില്‍ കുമാറുമായുള്ള (24) വഴക്കിനെ തുടര്‍ന്നാണ് സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയതെന്ന് നന്ദ്യാല്‍ സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ പി. ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. പ്രാദേശിക ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാള്‍ മൂന്ന് വര്‍ഷമായി ട്രാന്‍സ്ജെന്‍ഡറുമായി പ്രണയത്തിലായിരുന്നു.

സ്ത്രീയെ വിവാഹം കഴിക്കില്ലെന്നും തന്റെ പങ്കാളിക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ട് സുനില്‍ കുമാറും മാതാപിതാക്കളുമായി നിരന്തരം വാക്ക്തര്‍ക്കമുണ്ടായുന്നു. ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സുനില്‍ കുമാര്‍ നേരത്തേ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്രാന്‍സ്ജെന്‍ഡറില്‍ നിന്നും ഒന്നരലക്ഷം രൂപ സുനില്‍ കുമാര്‍ കെപ്പറ്റിയതായും മാതാപിതാക്കളോട് ഈ തുക ആവശ്യപ്പെട്ട് നിരന്തരം ശല്യമുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങള്‍ സുനില്‍ കുമാറിന്റെ മാതാപിതാക്കളെ പരസ്യമായി അധിക്ഷേപിച്ചതും ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു.