തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതരാവസ്ഥയില്‍ എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍, ശ്വാസംമുട്ടിയ അവസ്ഥയില്‍ എത്തിയ രോഗി ആശുപത്രി വരാന്തയില്‍ ഏറെ നേരം കാത്തുനില്‍ക്കുന്നതാണ് കാണുന്നത്.
കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍ (37) ജനുവരി 19ന് പുലര്‍ച്ചെ ഏകദേശം 1.30 ഓടെ ഭാര്യയോടൊപ്പം ആശുപത്രിയില്‍ എത്തിയിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെങ്കിലും, ആശുപത്രിയുടെ ഗ്രില്‍ തുറക്കുകയോ പ്രാഥമിക ചികിത്സ നല്‍കുകയോ ചെയ്യാന്‍ ഡോക്ടര്‍മാരോ നഴ്സുമാരോ എത്തിയില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഗുരുതരാവസ്ഥയില്‍ രോഗി എത്തിയിട്ടും ആശുപത്രി അധികൃതര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന ആരോപണം ശക്തമാണ്. അതേസമയം, ആശുപത്രി ഗേറ്റ് പട്ടികള്‍ കയറുന്നതിനെ തുടര്‍ന്നാണ് പൂട്ടിയിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നും ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
പിന്നീട് ബിസ്മീറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, എത്തുന്നതിന് ഏകദേശം 20 മിനിറ്റ് മുന്‍പേ രോഗി മരിച്ചതായി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കാന്‍ കുടുംബം തയ്യാറെടുക്കുകയാണ്. സ്വിഗ്ഗി ജീവനക്കാരനായിരുന്ന ബിസ്മീറിന്റെ മരണത്തില്‍ ചികിത്സാ പിഴവുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം.