india

‘അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന കാലയളവ് സര്‍വീസ് കാലയളവായി കണക്കാക്കണം’; നോട്ടീസ് അയച്ച് സുപ്രിംകോടതി

By webdesk17

April 09, 2025

അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന കാലയളവ് സര്‍വീസ് കാലയളവായി കണക്കാക്കണമെന്ന കേരളത്തിലെ നിയമ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആവശ്യത്തില്‍ നോട്ടീസ് അയച്ച് സുപ്രിംകോടതി. ജസ്റ്റിസുമാരായ മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ്- 2 തസ്തികയില്‍ നേരിട്ട് പ്രവേശനം ലഭിച്ചവരാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്.

ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ്- 2 തസ്തികയില്‍ നേരിട്ട് പ്രവേശനം ലഭിച്ചവരുടെ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ അഭിഭാഷകരായി അവര്‍ പ്രാക്ടീസ് ചെയ്തിരുന്ന കാലയളവും സംസ്ഥാന സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നു. എന്നാല്‍, 2019-ല്‍ ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിലൂടെ അഭിഭാഷക പ്രാക്ടീസ് കാലയളവ് കണക്കിലെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കി.

ഈ തീരുമാനത്തിനെതിരെയാണ് നിയമവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിശദമായി വാദം കേള്‍ക്കേണ്ട ഗൗരവമേറിയ വിഷയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി നോട്ടീസ് അയച്ചു. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷാകന്‍ വി. ഗിരി, അഭിഭാഷകരായ ജി.പ്രകാശ്, എം.എല്‍. ജിഷ്ണു, പ്രിയങ്ക പ്രകാശ് എന്നിവര്‍ ഹാജരായി.