സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് അവശേഷിക്കുന്നത് 72,005 പേര്‍. 34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ് ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് കളത്തില്‍.
1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്ക് ഒരുലക്ഷത്തിലേറെ പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ മുവായിരത്തോളം പ ത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയിരുന്നു. പത്രിക പിന്‍വലിക്കല്‍ സമയം കഴിഞ്ഞതോടെ സ്വതന്ത്രര്‍ക്ക് അടക്കം ചിഹ്നങ്ങള്‍ അനുവദിച്ചു.
ജനവിധി തേടുന്നവരുടെ വ്യക്തമായ ചിത്രം തെളിഞ്ഞതോടെ ഇനി പ്രചാരണം പൊടിപാറും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇനി വിശ്രമമില്ലാത്ത ദിവസങ്ങളാണ്. മുനിസിപ്പാലിറ്റികളില്‍ 10,399 ഉം ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1,986 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തിറങ്ങിയിരിക്കുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 7786 പേര്‍. കുറവ് വയനാട്ടിലും 1908 പേര്‍.
കാസര്‍കോട് 2786, കണ്ണൂര്‍ 5383, വയനാട് 1908, കോഴിക്കോട് 5884, മലപ്പുറം 7786, പലക്കാട് 6599, തൃശൂര്‍ 6907, എറണാകുളം 6571, ഇടുക്കി 2857, കോട്ടയം 4903, ആലപ്പുഴ 5219, പത്തനംതിട്ട 3528, കൊല്ലം 5325, തിരുവനന്തപുരം 6249. എന്നിങ്ങനെയാണ് തേടുന്നവരുടെ കണക്ക്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 7 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ്.
ഡിസംബര്‍ ഒമ്പത്, 11 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. അതേ സമയം അന്തിമ ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്ത് സി.പി.എമ്മിനും ബി.ജെ. പിക്കും നിരവധി ഇടങ്ങളില്‍ വിമത ഭീഷണി നിലനില്‍ക്കുകയാണ്. തൃശൂരില്‍ സിപിഎമ്മിനും സിപിഐക്കും വിമത ശല്യമുണ്ട്. ശക്തമായ ത്രികോണപ്പോരുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്ളൂര്‍, വാഴോട്ടുകോണം, ചെമ്പഴന്തി, കാച്ചാണി, വിഴിഞ്ഞം വാര്‍ഡുകളിലെ ഇടത് വിമതര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ഇടത് മുന്നണി വെട്ടിലായി.
വാഴോട്ടുകോണത്തെ സി പിഎം വിമതന്‍ കെവി മോഹനനെ പാര്‍ട്ടി പുറത്താക്കി. കണ്ണൂര്‍ ചെറുകുന്ന് പഞ്ചായത്തിലെ വിമത സ്ഥാനാര്‍ത്ഥി കുന്നനങ്ങാട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ഇ ബാബുരാജിനെയും സിപിഎം പുറത്താക്കി. മറ്റുള്ളവരെ നേരത്തെ പുറത്താക്കിയിരുന്നു. പാലക്കാട് ജില്ലയില്‍ പലയിടത്തും സി.പി. എം-ബി.ജെ.പി ബാന്ധവം കാരണം ബി.ജെ.പിക്ക പലയിടത്തും സ്ഥാനാര്‍ത്ഥികളില്ല. മത്സര ചിത്രംതെളിഞ്ഞതോടെ ഇനി പ്രചാരണ രംഗം കൊഴുക്കും.