kerala

കര്‍ഷക ദുരിതം പിണറായി സര്‍ക്കാര്‍ കാണുന്നില്ല; നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ് സമരത്തില്‍

By webdesk17

September 19, 2025

തിരുവനന്തപുരം: നെല്‍ കര്‍ഷകര്‍ക്കുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെ കേരള സംയുക്ത കര്‍ഷകവേദിയുടെ നേതൃത്വത്തില്‍ സപ്ലൈക്കോ ഹെഡ് ഓഫീസിന് മുന്നില്‍ കര്‍ഷകര്‍ ഉപരോധം നടത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കര്‍ഷകരെ മാര്‍ച്ചിനിടെ പൊലീസ് തടഞ്ഞു. നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ് സമരത്തില്‍ പങ്കെടുത്തു.

”കര്‍ഷകര്‍ മടുത്തു മടുത്തു അങ്ങേയറ്റം എത്തിയിരിക്കുകയാണ്. കര്‍ഷക ആത്മഹത്യ വര്‍ധിച്ചിരിക്കുകയാണ്. സിബില്‍ സ്‌കോര്‍ വലിയ ദുരന്തമായി മാറി. 245 കോടി രൂപ കുടിശിക സര്‍ക്കാര്‍ നല്‍കേണ്ടുണ്ട്. പാവപ്പെട്ട കര്‍ഷകരുടെ പിച്ച ചട്ടിയില്‍ കൈയിടുകയാണ് ഇപ്പോഴത്തെ സാഹചര്യം”കൃഷ്ണപ്രസാദ് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും, കര്‍ഷകര്‍ കഷ്ടപ്പെട്ട ഫലമാണ് ഉച്ചക്ക് ഓരോരുത്തരും ഉണ്ണുന്നതെന്നും കൃഷ്ണപ്രസാദ് വിമര്‍ശിച്ചു.

സിവില്‍ സപ്ലൈസ് മന്ത്രിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു., ”കുടിശികയില്‍ കള്ള കണക്ക് പറയുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ കൃഷിക്ക് പ്രോത്സാഹനം നല്‍കുമ്പോള്‍ കേരളത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണയില്ല. നാല് വര്‍ഷമായി നെല്ലിന്റെ വില 28.50 രൂപയിലാണ്. സര്‍ക്കാര്‍ എന്തുകൊണ്ട് പരിഹാരം കാണുന്നില്ല?” എന്നും ചോദിച്ചു.

മന്ത്രിമാര്‍ എസിയില്‍ സുഖിച്ചു നടക്കുമ്പോള്‍ കര്‍ഷകരുടെ ദുരിതം അവഗണിക്കപ്പെടുകയാണെന്നും, ഇനി കര്‍ഷകര്‍ കൂടുതല്‍ സംഘടിതമായി മുന്നോട്ട് വരുമെന്നും കൃഷ്ണപ്രസാദ് മുന്നറിയിപ്പ് നല്‍കി.