കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയത് സിപിഎമ്മാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി മാത്രം മാറ്റിവെക്കുമെന്ന് സിപിഎം അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നും, ഏത് കമ്മിറ്റി ഒഴിച്ചിടുമെന്നതില്‍ വ്യക്തത ലഭിച്ചതോടെ എല്ലാ കമ്മിറ്റികളിലും യുഡിഎഫ് നോമിനേഷന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. നികുതി അപ്പീല്‍ സ്ഥിരം സമിതിയില്‍ എല്‍ഡിഎഫും ബിജെപിയും ധാരണ പ്രകാരം നോമിനേഷന്‍ നല്‍കിയെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു.
ബിജെപിയെ അകറ്റി നിര്‍ത്തുമെന്ന് സിപിഎം പറയുന്നത് സത്യമാണെങ്കില്‍, എന്തുകൊണ്ടാണ് യുഡിഎഫിന്റെ വനിതാ അംഗത്തെ തോല്‍പ്പിച്ചതെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു. യുഡിഎഫിന്റെ നിലപാട് ചോദിക്കാമായിരുന്നുവെന്നും, എന്നിട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വഴിയൊരുക്കി വിട്ടുവീഴ്ച ചെയ്തത് എന്തിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യമായാണ് ബിജെപിക്ക് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. കോര്‍പറേഷന്‍ നികുതി കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് പോയത്. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ വിനീത സജീവന്‍ നികുതി കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് ബിജെപിക്ക് കോഴിക്കോട് കോര്‍പറേഷനില്‍ നേട്ടമുണ്ടാക്കാന്‍ കാരണമായതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. ഒമ്പത് അംഗ സമിതിയില്‍ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ എന്നിങ്ങനെയായിരുന്നു അംഗസംഖ്യ.