കല്‍പകഞ്ചേരി: തുവ്വക്കാട് വാരണാക്കര മൂലങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പറവൂര്‍ സ്വദേശി മനപ്പറമ്പില്‍ ശരത്ത് (33) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് ശരത്ത് ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ആരംഭിച്ചത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു താമസം.
ബുധനാഴ്ച വൈകുന്നേരം പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രം അടച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രം തുറക്കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് പൂജാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.