india

പ്രതിഷേധം കനത്തു; മുസ്‌ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു

By webdesk17

February 08, 2026

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുസ്‌ലിംകള്‍ക്കുനേരെ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുന്നതായി ചിത്രീകരിക്കുന്ന വിവാദ AI വീഡിയോ ബിജെപി പിന്‍വലിച്ചു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനമാണിതെന്നും കോടതി ഇതിനെതിരെ അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

‘ബിജെപി ഇല്ലാത്ത അസം’ എന്ന പേരില്‍ പങ്കുവെച്ച വീഡിയോയില്‍, മുസ്‌ലിംകള്‍ അസമിനെ കീഴടക്കുന്നതായും അവരെ മുഖ്യമന്ത്രി നേരിട്ട് തോക്കെടുത്ത് വെടിവയ്ക്കുന്നതായും ദൃശ്യവല്‍ക്കരിച്ചിരുന്നു. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 90 ശതമാനമായി മാറുമെന്ന തെറ്റായ കണക്കുകളും വീഡിയോയിലുണ്ട്.

ഇതൊരു ട്രോളായി കാണാനാവില്ലെന്നും വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള ഗൂഢശ്രമമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ തനിനിറമാണ് ഇതിലൂടെ പുറത്തുവന്നതെന്നും കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസം ബിജെപിയുടെ നടപടി യുഎപിഎ വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു.

പ്രതിഷേധം ശക്തമായതോടെ അസം ബിജെപി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് വീഡിയോ നീക്കം ചെയ്‌തെങ്കിലും, ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്നാണ് കോണ്‍ഗ്രസ് പറഞ്ഞു.