kerala

ബാര്‍ സമയം വര്‍ദ്ധിപ്പിച്ചത് ‘തിരഞ്ഞെടുപ്പ് ഡീല്‍’ ആയി പൊതുസമൂഹം കരുതിയാല്‍ കുറ്റം പറയാനാവില്ല; കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

By webdesk17

February 18, 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം മാറ്റം ഒരു ‘തിരഞ്ഞെടുപ്പ് ഡീല്‍’ ആയി പൊതുസമൂഹം കരുതിയാല്‍ കുറ്റം പറയാനാവില്ലെന്ന് സമിതി സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ച തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

മുന്നണിയിലോ മന്ത്രിസഭയിലോ കൃത്യമായ കൂടിയാലോചനകള്‍ നടത്താതെയാണ് അബ്കാരി പ്രീണന നയം സ്വീകരിച്ചിരിക്കുന്നത്. ‘മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യും’ എന്ന ബൈബിള്‍ വാക്യം അധികാരികള്‍ ഓര്‍ക്കണമെന്നും സമിതി ഓര്‍മ്മിപ്പിച്ചു.

വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് പ്രകൃതിഭംഗി ആസ്വദിക്കാനാണെന്നും അല്ലാതെ മദ്യം കുടിക്കാനല്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു. മദ്യത്തിന്റെ ലഭ്യത കുറവല്ല, മറിച്ച് മയക്കുമരുന്ന് മാഫിയയുടെയും തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണ ഭീതിയാണ് ടൂറിസം മേഖല നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയെന്‌നും സമിതി വ്യക്തമാക്കി.

മയക്കുമരുന്നുകളുടെ ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ മദ്യശാലകളുടെ എണ്ണവും സമയവും വര്‍ദ്ധിപ്പിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്നും സമിതി കൂട്ടിച്ചേര്‍ത്തു. ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന’ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് സമിതി സൂചിപ്പിച്ചു.

സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചും ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായും മാര്‍ച്ച് 8 മദ്യലഹരി വിരുദ്ധ ഞായറായി കേരള കത്തോലിക്കാ സഭ ആചരിക്കുമെന്നും പ്രസ്താവിച്ചു. അന്നേ ദിവസം സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലെ പള്ളികളില്‍ സഭയുടെ സര്‍ക്കുലര്‍ വായിക്കുകയും വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അറിയിച്ചു.