kerala

മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By webdesk17

February 28, 2025

സംസ്ഥാനത്ത് ചൂടിന് ആശ്വാസമേകാന്‍ മഴ എത്തുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലേര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, തെക്കന്‍ കേരള തീരത്ത് നാളെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തെക്കന്‍ കേരളതീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെയും മറ്റന്നാളും ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.