ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ് തങ്ങളുടെ സ്വപ്‌നമെന്ന് പറയുന്ന പ്രധാനമന്ത്രിയും ഭരണകക്ഷിയും ഭരിക്കുന്ന രാജ്യത്താണ് ഇന്ന് നാം ജീവിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും തനിക്ക് തുല്യമായ ഇടമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിമാര്‍ നമുക്കുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും അടല്‍ ബിഹാരി വാജ്‌പെയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഒരു കോണ്‍ഗ്രസ് അനുഭാവി ട്വീറ്റ് ചെയ്തതോടെയാണ് വീണ്ടും ചര്‍ച്ചയായത്.

1991 മെയ് 21ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ വാജ്‌പെയ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘എനിക്ക് കിഡ്‌നി പ്രശ്‌നമുണ്ടെന്നും വിദേശത്ത് ചികിത്സ ആവശ്യമുണ്ടെന്നും രാജീവ് ഗാന്ധി അറിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. അമേരിക്കയിലേക്ക് പോകുന്ന ഇന്ത്യയുടെ യു.എന്‍ പ്രതിനിധി സംഘത്തില്‍ എന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവിടെ ചെന്ന് എനിക്ക് ആവശ്യമുള്ള ചികിത്സ നേടാമെന്നും അറിയിക്കുന്നതിനായിരുന്നു അദ്ദേഹം എന്നെ വിളിച്ചത്. ഞാന്‍ ഇന്ന് ജീവിച്ചിരിക്കാന്‍ കാരണം രാജീവ് ഗാന്ധിയാണ്’-അഭിമുഖത്തില്‍ വാജ്‌പെയ് വെളിപ്പെടുത്തി.