editorial

കേരളം കാത്തിരിക്കുന്ന മോചനം

By webdesk17

February 07, 2026

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പുതിയൊരു ചലനം സൃഷ്ടിച്ചുകൊണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യു.ഡി.എഫ് നടത്തുന്ന ‘പുതുയുഗ യാത്ര’ വെറുമൊരു രാഷ്ട്രീയ യാത്രയല്ല; മറിച്ച് പത്തു വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ശ്വാസംമുട്ടുന്ന ഒരു ജനതയുടെ പ്രതിഷേധാഗ്നിയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ഫാഷിസ്റ്റ് രീതികളും കേരളത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വേച്ഛാധിപത്യ ശൈലിയുടെ മറ്റൊ രുപതിപ്പാണ് ഇടതു സര്‍ക്കാരും കാഴ്ചവെക്കുന്നത്. പിണറായി ഭരണത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണ്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധ നപ്രതിസന്ധി നേരിടുന്നു. ഭരണത്തണലില്‍ ശബരിമലയിലെ സ്വര്‍ണവും സി.പി.എം കൊള്ളസംഘം തട്ടിയെടുത്തു. ഒരു കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നാം അഭിമാനിച്ചിരുന്ന ‘കേരള മോഡല്‍’ ഇന്ന് വെറും ഓര്‍മ്മ മാത്രമായി മാറിക്കഴിഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ഈ രണ്ട് മേഖലകളെയും തകര്‍ത്തു തരിപ്പണമാക്കി. മരുന്നില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളും അറ്റകുറ്റപ്പണികള്‍ പോലും നടത്താനാവാത്ത ചികിത്സാ സംവിധാനങ്ങളും ജനങ്ങളെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിട്ടുകൊടുത്തിരിക്കുന്നു. ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും വര്‍ധിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോരായ്മകള്‍ തുറന്നുകാട്ടാന്‍ ഡോ. ഹാരിസ് തയാറായത് മറ്റൊരു ഗതിയു മില്ലാതായിട്ടാണ്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിക്ക് കൈ മുറിച്ചു മാറ്റേണ്ടിവന്നതും കേരളത്തിലാണ്. ശസ്ത്രക്രിയ വേളയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയതും ഐ.സി.യുവില്‍ യുവതി പീഡനത്തിനിരയായതും ആരോഗ്യമേഖലയുടെ ഭീകരാവസ്ഥ തുറന്നുകാട്ടുന്നതാണ്. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ നോക്കുകുത്തികളാകുന്നു. തീപിടിത്തവും കെട്ടിടം തകര്‍ന്നു വീഴലും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികി ത്സക്കുപോകാന്‍ തന്നെ ഭയമാകുന്ന അവസ്ഥയാണ്. കോവിഡിന്റെ മറവില്‍ പി.ആര്‍ കമ്പനികളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അടിച്ചു മാറ്റിയതും കേരളം മറന്നിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗം സി.പി.എം സെല്ലുകളുടെ നിയന്ത്രണത്തിലായതോടെ നിലവാരം കുത്തനെ ഇടിഞ്ഞു. കുട്ടികള്‍ ഉപരിപഠനത്തിനായി കുട്ടത്തോടെ നാടുവിടുന്ന കാഴ്ചയാണിന്ന്. കാലങ്ങള്‍ കൊണ്ട് കേരളം വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെടുത്ത നേട്ടങ്ങളൊക്കെ ഈ സര്‍ക്കാര്‍ ഇല്ലാതാക്കി. സര്‍വകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക് അന്തരീക്ഷം തകര്‍ത്തു. കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിച്ചും തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്ന പ്രോഗ്രാമുകള്‍ തുടങ്ങിയും നമ്മുടെ കുട്ടികളെ നാട്ടില്‍ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. അതിനാവശ്യമായ നടപടികളാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി, വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സര്‍ക്കാരില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം 6 ലക്ഷം കോടിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശ്ശിക 2 ലക്ഷം കോടി വരും. ഇത് കൂടി കണക്കാക്കിയാല്‍ ആകെ കടം 8 ലക്ഷം കോടിയാകും. കടുത്ത ധനപ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ സെസും ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. വെള്ളക്കരം പതിന്മടങ്ങാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ നേരത്തെ 1000 ലീറ്ററിന് 4.41 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍തെങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തായി കേരളം. സാധാരണക്കാരന്‍ പട്ടിണിയിലാകുമ്പോഴും ഭരണത്തിന്റെ തണലില്‍ സി.പി.എം ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന കൊള്ള ഞെട്ടിപ്പിക്കുന്നതാണ്. ശബരിമലയിലെ സ്വര്‍ണ്ണം പോലും കൊള്ളയടിക്കാന്‍ മടിക്കാത്ത ഒരു ഭരണകൂടം ഭക്തിയെയും വിശ്വാസത്തെയും എത്രമാത്രം നിസ്സാരമായാണ് കാണുന്നതെന്ന് വ്യക്തം. ആ ചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഭഗവാന്റെ സമ്പാദ്യത്തിലും കൈവെച്ചിരിക്കുന്നു. ക്ഷേമനിധികള്‍ പലതും തകര്‍ന്നു. പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1200 കോടിയാണ് കുടിശിക. എസ്.സി എസ്.ടി വിഭാങ്ങളെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ലക്ഷം കോടിയോളം രൂപയാണ് കുടിശിക. നെല്ലും നാളികേരവും ഉള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളെയും കര്‍ഷകരെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. മത്സ്യത്തൊഴിലാളികളെയും വറുതിയിലാക്കി. ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയിട്ടും വയനാട് ദുരന്ത ബാധിതര്‍ക്ക് ചികിത്സാ സഹായമോ വീട്ടുവാടകയോ കൃത്യമായി നല്‍കാതെ കബളിപ്പിക്കുന്ന സര്‍ക്കാരാണിത്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന, മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന, ഫാഷിസ്റ്റ് ശൈലിയിലുള്ള മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തെ ഇന്ന് ഭരിക്കുന്നത്. ഈ പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ കറ കഴുകിക്കളയാന്‍ ‘പുതുയുഗ യാത്ര’ക്ക് കഴിയേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണീരൊപ്പാന്‍, തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍, നഷ്ടപ്പെട്ട ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഈ പോരാട്ടം അനിവാര്യമാണ്. അഴിമതിയും അഹങ്കാരവും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നത് കേരളത്തിന്റെ അതിജീവനത്തിനുള്ള ഏക വഴിയാണ്. പുതുയുഗ യാത്ര കേരളത്തിന്റെ വീണ്ടെടുപ്പിനുള്ള കാഹളമാകട്ടെ.