main stories

സഞ്ചാര്‍ സാഥിലെ കെണി

By webdesk18

December 04, 2025

കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് യുടേണ്‍ അടിക്കേണ്ടി വന്നുവെങ്കിലും ജനങ്ങളുടെ സ്വകാര്യതയില്‍ ഇടപെടാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഏറെ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഒന്നാണ്. ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ആപ്പിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കുന്നു വെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍, മൊബൈല്‍ കമ്പനികളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ഈ പിന്മാറ്റമെന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ സഹകരിക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയിരുന്നു. ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നായിരുന്നു ഐ ഫോണ്‍ നിര്‍മാതാക്കളുടെ നിലപാട്. കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാറിന് തങ്ങളുടെ നിലപാട് നേരത്തെ തന്നെ മയപ്പെടുത്തേണ്ടിവന്നിരുന്നു. ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നുള്ള മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രഖ്യാപനം ഇതിന്റെ ഭാഗമായിരുന്നു.

നവംബര്‍ 28 മുതല്‍ 90 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുകയോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന മുഴുവന്‍ സ്മാര്‍ട്ട് ഫോണുകളിലും സഞ്ചാര്‍ സാഥി ആപ് പ്രീഇന്‍സ്റ്റാളേഷന്‍ നടത്തിയിരിക്കണമെന്നാണ് ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനകം നിര്‍മാണം പൂര്‍ത്തിയായി വിപണനത്തിന് തയറായിരിക്കുന്ന ഫോണുകളില്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ വഴി സഞ്ചാര്‍ സാഥി ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കേന്ദ്ര നിര്‍ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 120 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലുണ്ടായിരുന്നു. സൈബര്‍ കുറ്റകൃത്യ സാധ്യതകളും വാണിജ്യാടിസ്ഥാനത്തിലുള്ള സ്പാം കോളുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ് വഴി കഴിയും. സഞ്ചാര്‍ സാഥി ആപിന്റെ ഉപയോഗം ടെലികോം വിഭവങ്ങളുടെ ദുരുപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവ ഒരു പരിധിവരെ തടയാന്‍ സഹായിക്കു മെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച വലിയ ആശങ്ക കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉയര്‍ത്തുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്.

സാങ്കേതികവിദ്യയുടെ പേരില്‍ ജനങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഇതാദ്യമല്ല. കോവിഡ് കാലത്ത് ‘ആരോഗ്യസേതു’ ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. പൗരന്റെ അനുവാദമില്ലാതെ വിവരങ്ങള്‍ ചോര്‍ത്തരുതെന്നും ആപ്പ് നിര്‍ബന്ധമാക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വിധിപുറപ്പെടുവിച്ചിരുന്നു. ടെലികോം ബില്‍ പാസാക്കുന്ന സമയത്ത് മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞത്, ഇന്റര്‍ നെറ്റ് ആപ്പുകള്‍ക്ക് മേല്‍ ടെലികോം വകുപ്പിന് അധികാരമില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് നേരെ മറിച്ചാണ്. ഇന്റര്‍നെറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്നോ മനസ്സിലാക്കാതെ ടെലികോം വകുപ്പ് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അപകടകരമാണ്. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഐ.ടി മന്ത്രാലയത്തിന്റെ പരിധിയിലാണ് വരേണ്ടത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങളുടെ അധികാരം ടെലികോം വകുപ്പ് കവര്‍ന്നെടുക്കുന്നത്.

സഞ്ചാര്‍ സാത്തിയകടൊപ്പം അതിലും വലിയൊരു ഭീഷണി ‘സിം ബൈന്‍ഡിംഗ്’ എന്ന പേരില്‍ നിശബ്ദമായി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. സൈബര്‍ തട്ടിപ്പുകള്‍ തടയാനെന്ന പേരില്‍ ടെലികോം വകുപ്പ് മുന്നോട്ട് വെക്കുന്ന ആറ് മണിക്കൂര്‍ ഓട്ടോലോഗൗട്ട്, സിം ബൈന്‍ഡിംഗ് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡിജിറ്റല്‍ ആശയവിനിമയത്തെ തന്നെ തകര്‍ക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയവ കമ്പ്യൂട്ടറിലോ ഒന്നിലധികം ഫോണുകളിലോ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. സിം കാര്‍ഡ് ഇട്ടിരിക്കുന്ന ഫോണില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിക്കൂ എന്ന നിബന്ധന വന്നാല്‍, ജോലിക്കും പഠനത്തിനും മറ്റും ലാപ്‌ടോപ്പുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത് അസാധ്യമായേക്കാം.