തിരുവനന്തപുരം: എങ്ങും ആളും ആരവവും ആര്‍പ്പുവിളികളും, ഇതുവരെ കാണാത്ത കാഴ്ചകള്‍. ശരിക്കും ഉത്സവ ലഹരിയിലേക്കാണ് അവര്‍ പറന്നിറങ്ങിയത്. മലയാളികള്‍ പൊന്നുവാരാന്‍ ഗള്‍ഫിലേക്ക് പോകുമ്പോള്‍ അവിടെ നിന്നും സുവര്‍ണ കിരീടം അണിയാന്‍ മലയാളക്കരയില്‍ എത്തിയവര്‍. കൗമാര കായിക മേളയില്‍ മാറ്റുരക്കാന്‍ കടല്‍ കടന്നെത്തിയ ഗള്‍ഫ് സംഘം ശരിക്കും ‘ഉത്സവ’മൂടിലാണ്. കഴിഞ്ഞ തവണ തട്ടിക്കൂട്ടായിരുന്നുവെങ്കില്‍ ഇക്കുറി ശരിക്കും ഒരുങ്ങി തന്നെയാണ് ‘വിദേശ’ സംഘത്തിന്റെ വരവ്. 36 ആണ്‍കുട്ടികള്‍ക്കൊപ്പം അഞ്ച് പെണ്‍കുട്ടികളും ഇക്കുറി കായിക മാമാങ്കത്തിനായി തലസ്ഥാനത്തെത്തിയിട്ടുണ്ട്. ട്രാക്കിലും ഫീല്‍ഡിലും ഒരു കൈനോക്കാന്‍ തന്നെയാണ് ഇവരുടെ വരവ്. കഴിഞ്ഞ തവണ കൊച്ചിയില്‍ നടന്ന മേളയില്‍ പങ്കെടുത്ത രണ്ട് കുട്ടികള്‍ ഒഴികെയുള്ളവര്‍ എല്ലാം മേളയില്‍ പുതുമുഖങ്ങളാണ്. കരുത്തരായ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും വിദഗ്ധ പരിശീലനം ലഭിക്കുന്ന സ്‌പോട്‌സ് സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍ നേരിട്ട് മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദേശ മലയാളി സംഘം.
അത്‌ലറ്റിക്‌സില്‍ തന്നെയാണ് ഗള്‍ഫ് സംഘത്തിന്റെ പ്രതീക്ഷ. നിംസ് ദുബായ്, ന്യു ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ദുബായ്, ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്‍, മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍ അബുദാബി, ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ദുബായ്, ഇന്ത്യന്‍ സ്‌കൂള്‍ ഫുജൈറ, ദി മോഡല്‍ സ്‌കൂള്‍ അബുദാബി എന്നീ സ്‌കൂളുകളില്‍ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പേരിനിറങ്ങുന്നത്. ചരിത്രത്തിന്റെ ഭാഗമായി ആദ്യ മായി മേളയുടെ ഭാഗമാകുന്ന അഞ്ച് പെണ്‍കുട്ടികളും ദുബായ് നിംസ് സ്‌കൂളില്‍ നിന്നുള്ളവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിയ എന്നിവരാണ് ഈ പെണ്‍പട. സ്‌കൂളിലെ സ്‌പോര്‍ട്‌സ് കോ ഓഡിനേറ്റര്‍ ഹഫ്‌സയും ഇവര്‍ക്കൊപ്പമുണ്ട്. യു.എ.ഇയിലെ കേരള സിലബസ് പഠിക്കുന്ന വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ സെലക്ഷന്‍ ക്യാമ്പിലൂടെയാണ് സ്‌കൂള്‍ ഒളിമ്പിക്‌സിന്‍ പങ്കെടുക്കാനെത്തുന്നത്. കേരളത്തില്‍ ജനിച്ച് പിന്നീട് യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയവരും യു.എ.ഇയില്‍ മലയാളി കുടുംബത്തില്‍ ജനിച്ചവരുമാണ് കുട്ടികളെല്ലാം. അത്‌ലറ്റിക്‌സിന് പുറമെ ഫുട്ബാള്‍, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബാള്‍ എന്നിവയിലാണ് ഗള്‍ഫ് സംഘം മാറ്റുരക്കുന്നത്. നരേന്‍, അലി, മഹേഷ്, ചന്ദ്രന്‍, മുഹമ്മദ് നസീര്‍, സുഹൈല്‍, മുകുന്ദന്‍ എന്നീ അധ്യാപകരും കുട്ടികള്‍ക്കൊപ്പമുണ്ട്.