health

നിശബ്ദനായ കൊലയാളി: ബ്ലാഡർ ക്യാൻസറിന്റെ തിരിച്ചറിയപ്പെടാത്ത ലക്ഷണങ്ങൾ

By Akhila

May 30, 2026

തയ്യാറാക്കിയത്;

Dr. Surdas .R Senior Consultant – Urology Aster MIMS Kozhikode

ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പലപ്പോഴും വലിയ ആരോഗ്യപ്രശ്നങ്ങളുടെ സൂചനകളാകാം. മൂത്രാശയ അർബുദത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. പലപ്പോഴും രോഗം സങ്കീർണ്ണമായ അവസ്ഥയിലെത്തുമ്പോഴാണ് പലരും ഇത് തിരിച്ചറിയുന്നത്. എന്നാൽ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ചില ‘നിശബ്ദ ലക്ഷണങ്ങൾ’ (Silent Symptoms) നമ്മുടെ ശരീരം പ്രകടിപ്പിക്കാറുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

എന്താണ് ബ്ലാഡർ ക്യാൻസർ?

ശരീരത്തിലെ മൂത്രം സംഭരിച്ചു വെക്കുന്ന അവയവമാണ് മൂത്രസഞ്ചി. ഇതിന്റെ ഉൾഭിത്തിയിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് ബ്ലാഡർ കാൻസർ. പുരുഷന്മാരിലാണ് ഇത് സാധാരണയായി കൂടുതൽ കണ്ടുവരുന്നതെങ്കിലും സ്ത്രീകൾക്കും ഈ രോഗസാധ്യതയുണ്ട്.

നിശബ്ദ ലക്ഷണങ്ങൾ

രോഗം മൂർച്ഛിക്കുന്നതുവരെ കാത്തുനിൽക്കാതെ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടേണ്ടതാണ്:

മൂത്രത്തിലെ രക്താംശം (Hematuria): ഇത് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. വേദനയില്ലാതെ തന്നെ മൂത്രത്തിലൂടെ രക്തം പോകുന്നത് ബ്ലാഡർ ക്യാൻസറിന്റെ പ്രാഥമിക ലക്ഷണമാകാം. ചിലപ്പോൾ മൂത്രം ചുവന്ന നിറത്തിലോ കടും തവിട്ടുനിറത്തിലോ കാണപ്പെടാം.

ഇറിറ്റേറ്റീവ് വോയിഡിംഗ് (Irritative Voiding): ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയാത്ത വിധം മൂത്രം വരിക (Urgency) എന്നിവ മൂത്രനാളിയിലെ അണുബാധയായി (UTI) തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ മരുന്നുകൾ കഴിച്ചിട്ടും ഇത് മാറുന്നില്ലെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്.

നടുവേദനയും ഇടുപ്പിലെ വേദനയും: മറ്റ് കാരണങ്ങളൊന്നുമില്ലാതെ വിട്ടുമാറാത്ത നടുവേദനയോ ഇടുപ്പെല്ലിന് വേദനയോ അനുഭവപ്പെടുന്നത് രോഗം പടരുന്നതിന്റെ ലക്ഷണമാകാം.

ശരീരഭാരം കുറയുക: അകാരണമായ ക്ഷീണവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും ഗൗരവമായി കാണണം.

ചികിത്സാ രീതികൾ

രോഗം ഏത് ഘട്ടത്തിലാണ് എന്നതിനെ ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്:

>>ശസ്ത്രക്രിയ (Surgery): ട്യൂമർ മാത്രമായോ അല്ലെങ്കിൽ മൂത്രസഞ്ചി പൂർണ്ണമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ ഇന്ന് ലഭ്യമാണ്. അതിൽ ഏറ്റവും മുൻപന്തിയിലാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ ഫലപ്രാപ്തി. മൂത്രസഞ്ചിയിലെ ക്യാൻസർ ശസ്ത്രക്രിയകളിൽ റോബോട്ടിക് സാങ്കേതികവിദ്യ അതീവ ഫലപ്രദമാണ്. എന്തെന്നാൽ ശസ്ത്രക്രിയ കൂടുതൽ കൃത്യതയോടെ (precision) ചെയ്യാനും, രക്തസ്രാവവും വേദനയും കുറയ്ക്കാനും, രോഗിക്ക് വളരെ വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.

>>ഇമ്മ്യൂണോതെറാപ്പി (Immunotherapy): ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണിത്.

>>കീമോതെറാപ്പി & റേഡിയേഷൻ: ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്നുകളോ ഉയർന്ന ഊർജ്ജമുള്ള രശ്മികളോ ഉപയോഗിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുകവലി ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക, രാസവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കുക എന്നിവ വഴി ഒരു പരിധിവരെ ഈ രോഗത്തെ തടയാനാകും. മൂത്രത്തിൽ രക്തം കാണുന്നത് എപ്പോഴും ക്യാൻസർ ആകണമെന്നില്ല, എങ്കിലും അത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. “നേരത്തെയുള്ള കണ്ടെത്തൽ മികച്ച ചികിത്സ” എന്നതാണ് അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ ഏറ്റവും വലിയ ആയുധം.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.