kerala

മകനെതിരായ കഞ്ചാവ് കേസ്; യു.പ്രതിഭ എംഎല്‍എയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തി

By webdesk18

February 25, 2025

മകനെതിരായ കഞ്ചാവ് കേസിനെതിരെ യു.പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. യു പ്രതിഭയുടെയും മകന്‍ കനിവിന്റെയുമാണ് മൊഴി രേഖപ്പെടുത്തിയത്. തകഴിയിലെ വീട്ടിലെത്തി ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് അശോക് കുമാറാണ് ഇരുവരുടേയും മൊഴിയെടുത്തത്. കഞ്ചാവ് ഉപയോഗിച്ചെന്ന കേസ് മെഡിക്കല്‍ പരിശോധനയില്ലാതെയാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് എംഎല്‍എയുടെ ആരോപണം.

കേസില്‍ മകനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്. കഞ്ചാവ് പിടികൂടിയത് ഒന്നും രണ്ടും പ്രതികളില്‍ നിന്നാണെന്നും ലഹരി കൈവശം വച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനില്‍ തടഞ്ഞുവച്ചതായും ദേഹോപദ്രവത്തില്‍ ഭയന്നാണ് കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ചതെന്നുമാണ് പ്രതിഭയുടെ ആരോപണം.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. ആലപ്പുഴ അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയ ശേഷം കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജിനോടും റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിനോടും തിരുവനന്തപുരത്തെ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ആസ്ഥാനത്ത് കേസുമായി ബന്ധപ്പെട്ട രേഖകളും ആയി ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.