News

കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; തൃശൂരില്‍ അയല്‍വാസിയെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം

By webdesk17

December 18, 2025

തൃശൂര്‍: അയല്‍വാസിയെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അമ്മാടം ആലുക്കകുന്ന് കരിയാട്ടില്‍ വീട്ടില്‍ ബിജു (52)വിനെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15ന് രാത്രി 8.15ഓടെ അമ്മാടം ആലുക്കകുന്ന് നെല്ലത്ത് വീട്ടില്‍ ബാബു (55)വിനെയാണ് ബിജു ആക്രമിച്ചത്. പ്രതി ബാബുവിന്റെ വീട്ടിലേക്ക് കല്ലെടുത്ത് എറിഞ്ഞതിനെ തുടര്‍ന്നാണ് ബാബുവും സഹോദരന്‍ സുബ്രമണ്യനും ചേര്‍ന്ന് ചോദ്യം ചെയ്തത്. ഇതിലുള്ള വൈരാഗ്യത്തിലാണ് ബിജു കമ്പിവടി ഉപയോഗിച്ച് ബാബുവിന്റെ വലത് കൈയിലും തലയിലും അടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ ബാബുവിന്റെ തലയോട്ടി പൊട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സുബ്രമണ്യന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ റിമാന്‍ഡ് ചെയ്തു.

ചേര്‍പ്പ് പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ഷാജന്‍ എം.എസ്., എസ്‌ഐ സുബിന്ദ് കെ.എസ്., ജിഎസ്‌ഐ ഷാജു എം.എസ്., എഎസ്‌ഐ ആരിഫ് പി.എച്ച്., ഡ്രൈവര്‍ സിപിഒ പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.