ചരിത്രത്തിലാദ്യമായി വ്യാപാരത്തിനിടെ ചൊവ്വാഴ്ച ഡോളറൊന്നിന് 90 രൂപ രേഖപ്പെടുത്തി. ഡോളറൊന്നിന് 89.70 രൂപ നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. ക്ലോസിങ്ങിലെ ഏറ്റവും താഴ്ന്നനിരക്കാണിത്. തിങ്കളാഴ്ച 89.53 നിലവാരത്തിലായിരുന്നു ക്ലോസിങ്. വ്യാപാരത്തിനിടെയിത് 90 രൂപയിലേക്ക് 47 പൈസയുടെ നഷ്ടവുമായി താഴുകയായിരുന്നു. പിന്നീട് ഏതാനും പൈസയുടെ മുന്നേറ്റം നടന്നുവെങ്കിലും പ്രാഥമിക കണക്കുകളനുസരിച്ച് 43 പൈസയുടെ നഷ്ടവുമായി ഡോളറൊന്നിന് 89.96 രൂപ നിരക്കിലാണ് ദിവസം അവസാനിപ്പിച്ചത്. ഇതോടെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നഷ്ടം തുടരുകയാണ്.
ഇറക്കുമതിക്കായി ഡോളറിന്റെ ആവശ്യമുയരുന്നതാണ് സമ്മര്‍ദത്തിനുള്ള ഒരു കാരണം. വിപണിയില്‍ ഊഹക്കച്ചവടക്കാര്‍ കൂടുതലായി ഇടപെടുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിക്കുന്ന മറ്റൊരു കാരണം. ഇന്ത്യയുമായി വ്യാപാരമിച്ചമുണ്ടായിരുന്ന അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞത് ഇന്ത്യയില്‍ ഡോളര്‍ വരവ് കുറയ്ക്കുന്നു. ഇതും രൂപയുടെ മൂല്യശോഷണത്തിനു കാരണമാകുന്ന ഘടകമാണ്.
ചൊവ്വാഴ്ച സെന്‍സെക്‌സ് 503.63 പോയിന്റും നിഫ്റ്റി 143.55 പോയിന്റുമാണ് ഇടിഞ്ഞത്. ഓഹരിവിപണിയില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പന തുടരുകയാണ്. എന്‍എസ്ഡിഎലിന്റെ കണക്കുപ്രകാരം ഡിസംബറില്‍ രണ്ടുദിവസംകൊണ്ട് 4335 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റഴിച്ചത്. ഇന്ത്യഅമേരിക്ക വ്യാപാരക്കരാറിലെ അനിശ്ചിതത്വമാണ് ഓഹരിവിപണിയിലെ ഇവരുടെ പിന്മാറ്റത്തിനുകാരണം.