kerala

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ച് തകര്‍ത്ത സംഭവം; പ്രധാനാധ്യാപകന് സ്ഥലംമാറ്റം

By webdesk18

August 21, 2025

കാസര്‍ഗോഡ് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ച് തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം. ഹെഡ്മാസ്റ്റര്‍ എം അശോകനെ കടമ്പാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.

സ്‌കൂള്‍ അസംബ്ലിക്കിടെ കാല്‍ കൊണ്ട് ചരല്‍ നീക്കി കളിച്ചതില്‍ പ്രകോപിതനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് കൃഷ്ണയെ ഹെഡ്മാസ്റ്റര്‍ എം അശോകന്‍ കരണത്തടിക്കുകയായിരുന്നു. പരിശോധനയില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടിയതായി കണ്ടെത്തി. രക്ഷിതാക്കള്‍ ബേഡകം പോലീസില്‍ പരാതി നല്‍കി. ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മധുസൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. എന്നാല്‍ രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഇതുവരെ അറസ്റ്റിന് മുതിര്‍ന്നിട്ടില്ല.