ലഖ്നൗ: മെറ്റയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ആത്മഹത്യയ്‌ക്കൊരുങ്ങിയ 22കാരനെ ഫിറോസാബാദ് പൊലീസ് രക്ഷപ്പെടുത്തി. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവം കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്നതാണ്. കര്‍പ്പൂര ഗുളിക കഴിച്ചതിന് ശേഷം ”നാളെ രാവിലെ താന്‍ ജീവിച്ചിരിക്കുമോ എന്ന് നോക്കാം” എന്ന സന്ദേശത്തോടെ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. രാത്രി 11.48ഓടെ ഉത്തര്‍പ്രദേശ് പൊലീസ് ആസ്ഥാനത്തുള്ള സോഷ്യല്‍ മീഡിയ സെന്ററിലേക്ക് മെറ്റയുടെ അലര്‍ട്ട് എത്തി.
പത്ത് മിനിറ്റിനുള്ളില്‍ ഫിറോസാബാദ് പൊലീസ് യുവാവിന്റെ ലൊക്കേഷന്‍ കണ്ടെത്തി വീട്ടിലെത്തി രക്ഷപ്പെടുത്തി. കുടുംബത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കൗണ്‍സലിംഗും നല്‍കി. ഇനി ഇത്തരം ശ്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയതായി പൊലീസ് അറിയിച്ചു.
ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് വിഷാദരോഗത്തിന് അടിമയായിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മെറ്റയുടെ അലര്‍ട്ട് സിസ്റ്റം 2022 മുതല്‍ ഇതുവരെ ആത്മഹത്യശ്രമം നടത്തിയ 1597 പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.