News

വേനല്‍ച്ചൂട് കടുക്കുന്നു; തണുപ്പ് തേടി പാമ്പുകള്‍ വീടുകളിലേക്ക്

By Manya

April 25, 2026

കേരളത്തില്‍ സമീപകാലത്ത് പാമ്പുകടി കേസുകളും മരണങ്ങളും വര്‍ധിക്കുന്നതിന് പ്രധാനമായും അസഹനീയമായ വേനല്‍ച്ചൂടും, പാമ്പുകളുടെ പ്രജനന കാലവും ആണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയില്‍ തന്നെ 4 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഈപശ്ചാത്തലത്തില്‍, ആന്റിവെനം ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഠിനമായ ചൂടില്‍ പാമ്പുകള്‍ക്ക് മാളങ്ങളില്‍ കഴിയാന്‍ സാധിക്കാത്തതുകൊണ്ട്, തണുപ്പും വെള്ളവും തേടി വീടുകളിലും പരിസരത്തും എത്തുന്നു.വീടിന് ചുറ്റുമുള്ള വിറക് കൂനകള്‍, കല്ലുകള്‍, ഓടുകള്‍, ചെടികള്‍ എന്നിവയ്ക്കിടയില്‍ പാമ്പുകള്‍ അഭയം പ്രാപിക്കുന്നു.വീട്ടുപരിസരത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളുന്നത് എലികളെ ആകര്‍ഷിക്കുന്നു, എലികളെ പിടിക്കാന്‍ പാമ്പുകള്‍ എത്തുന്നു.പാമ്പുകളുടെ മുട്ട വിരിയുന്ന സമയമായതിനാല്‍ കുഞ്ഞു പാമ്പുകള്‍ ധാരാളമായി പുറത്തിറങ്ങുന്നു. കുഞ്ഞു പാമ്പുകളെ തിരിച്ചറിയാന്‍ പ്രയാസമാണ്. കാവുകള്‍, പറമ്പുകള്‍ എന്നിവ നശിക്കുന്നത് കാരണം പാമ്പുകള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ ഇടമില്ലാത്ത അവസ്ഥയുണ്ട്.കടുത്ത ചൂട് മൂലം പാമ്പുകള്‍ വീടിനുള്ളിലും പരിസരത്തും അഭയം പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍, വീടും പരിസരവും വൃത്തിയാക്കാനും, ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വേനലവധി കാലമായതിനാല്‍ കുട്ടികള്‍ വീടിന് പുറത്ത് കൂടുതല്‍ സമയം ചെലവഴിക്കുകയും കുറ്റിക്കാടുകളിലോ പറമ്പുകളിലോ കളിക്കാന്‍ പോവുകയും ചെയ്യുന്നത് സാധാരണമാണ്. ഈ സാഹചര്യത്തില്‍ പാമ്പുകളുമായി സമ്പര്‍ക്കമുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുന്നു.കളിക്കാന്‍ എപ്പോഴും വൃത്തിയുള്ളതും പുല്ലു കുറഞ്ഞതുമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ മുന്നറിയിപ്പ് നല്‍കുക.പുറത്ത് കളിക്കാന്‍ പോകുമ്പോള്‍ കാലുകള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന ചെരുപ്പുകളോ ഷൂസുകളോ ധരിപ്പിക്കുക. പാമ്പ് കടിയേറ്റാല്‍ പരിഭ്രമിക്കാതെ ഉടന്‍ തന്നെ ആന്റിവെനം ലഭ്യമായ അടുത്ത ആശുപത്രിയില്‍ ചികിത്സ തേടുക.

രാത്രികാലങ്ങളില്‍ പാമ്പുകള്‍ ഇര തേടി ഇറങ്ങുന്ന സമയമായതിനാല്‍, ഉറങ്ങുന്ന സാഹചര്യത്തിലും ചില സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും തറയില്‍ കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.പാമ്പുകള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമാണ് തറ. അതിനാല്‍ കട്ടിലിലോ തറയില്‍ നിന്ന് അല്പം ഉയരമുള്ള ഇടങ്ങളിലോ ഉറങ്ങാന്‍ ശ്രമിക്കുക.പാമ്പുകള്‍ സാധാരണയായി ചുമരുകളോട് ചേര്‍ന്നാണ് സഞ്ചരിക്കാറുള്ളത്. അതിനാല്‍ കട്ടിലോ മെത്തയോ ചുമരില്‍ നിന്ന് കുറച്ച് അകത്തി ഇടുന്നത് സുരക്ഷിതമാണ്.വീടിന്റെ ജനലുകളിലും വാതിലുകളിലും വിടവുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.

പാമ്പ് കടിയേറ്റാല്‍ ഒട്ടും പരിഭ്രമിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം.പരിഭ്രമിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും വിഷം വേഗത്തില്‍ ശരീരത്തില്‍ വ്യാപിക്കാന്‍ കാരണമാവുകയും ചെയ്യും. കടിയേറ്റ വ്യക്തിയെ സമാധാനിപ്പിക്കുക.കടിയേറ്റ ഭാഗം അധികം ചലിപ്പിക്കരുത്. ശരീരത്തിന്റെ ചലനം കുറയ്ക്കുന്നത് വിഷം പകരുന്നത് സാവധാനത്തിലാക്കും. മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് സാവധാനം കഴുകാം. എന്നാല്‍ അമര്‍ത്തി തിരുമ്മരുത്.പാമ്പുകടിയേറ്റാല്‍ 108 എന്ന നമ്പറില്‍ വിളിക്കുക. ആന്റി വെനം ലഭ്യമായ ആശുപത്രികളെക്കുറിച്ചുള്ള വിവരം ഇവര്‍ക്ക് നല്‍കാന്‍ സാധിക്കും.