ന്യൂഡൽഹി: മലബാറിലെ ധാതു അവകാശവും റോയൽറ്റി സംബന്ധമായ തർക്കത്തിൽ കേരള സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസ ഉത്തരവ്. 2013 ലെ ത്രേസ്യാമ്മ ജേക്കബ് Vs സ്റ്റേറ്റ് ഓഫ് കേരള, 2024 ലെ മൈനിംഗ് ഏരിയാ ഡവലപ്മെൻ്റ് അതോരിറ്റി കേസിൻറെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലും ധാതുക്കളുടെ ഉടമസ്ഥവകാശം നഷ്ടപരിഹാരം കൂടാതെ നിയമത്തിലൂടെ കവർന്നെടുക്കാൻ കഴിയില്ല എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ 2021 ലെ കേരളാ ധാതു എറ്റെടുക്കൽ നിയമം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. നിയമം റദ്ദാക്കിയതിലൂടെ മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും, അടച്ച റോയൽറ്റി സർക്കാർ തിരിച്ച് ക്വാറി ഉടമകൾക്ക് തിരിച്ച് നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
ധാതു ഏറ്റെടുക്കൽ, ഭൂമിയേറ്റെടുക്കുന്നതുമായി താരതമ്യപ്പെടുത്താൻ കഴിയില്ല എന്നും, ഭരണഘടനയുടെ 39 ( b) പ്രകാരമുള്ള പ്രത്യേക പരിഗണന ധാതുക്കൾക്കുണ്ടെന്നും. അത് കൊണ്ട് തന്നെ മുൻ കാല സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും 202l ലെ നിയമം നിലനിൽക്കുന്നതാണെന്നും സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരി, അഡ്വ മുഹമ്മദ് ഷാ, സുപ്രീം കോടതിലെ കേരള സർക്കാരിൻ്റെ സ്റ്റാൻഡിംഗ് കൗൺസൽ സുൽഫിക്കർ അലി എന്നിവർ വാദിച്ചു. ഹൈക്കോടതി വിധിയിലൂടെ റോയൽറ്റി ഇനത്തിൽ 1000 ക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
വിധി സ്റ്റേ ചെയ്ത ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്, നിയമം നിലനിർത്തണമെങ്കിൽ നഷ്ട പരിഹാരത്തിനുള്ള വകുപ്പുകൾ പുതിയതായി ചേർക്കേണ്ടി വരുമെന്നും, ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും വാക്കാൽ പരാമർശിച്ചു. പിരിച്ചെടുത്ത റോയൽറ്റി തുക കോടതിയിൽ കെട്ടിവെക്കണമെന്ന് ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ എം കെ എസ് മേനോൻ, ഉഷ നന്ദിനി എന്നിവർ വാദിച്ചപ്പോൾ സംസ്ഥാനത്തിൻറെ ധനസ്ഥിതിയെക്കുറിച്ച് കോടതി ഓർമ്മപ്പെടുത്തി. ക്വാറി ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തറും ഹാജരായി.