ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പൊതു സ്ഥാപനങ്ങളിൽ നിന്നു പിടികൂടുന്ന നായകളെ അതേ സ്ഥലങ്ങളിൽ വീണ്ടും തുറന്നുവിടുന്നതിലൂടെ തെരുവുനായ ശല്യം എങ്ങനെ ഇല്ലാതാക്കാനാകുമെന്ന ചോദ്യം കോടതി ഉന്നയിച്ചു. കടിക്കാതിരിക്കാനായി നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന പരാമർശവും മൃഗസ്നേഹികളെ ലക്ഷ്യമാക്കി കോടതി നടത്തി.
നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ, അക്രമകാരികളായ നായകളെ കൊന്നുകളയാൻ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ആക്രമണകാരികളായ നായകളെയും പേവിഷബാധയുള്ള നായകളെയും തെരുവുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് മുൻകാല കോടതി വിധികൾ ഉണ്ടെന്നും അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
തെരുവുനായ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം നിലവിലെ നിയമങ്ങൾ ശരിയായി പാലിക്കപ്പെടാത്തതാണെന്ന് നായ സ്നേഹികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. നായ ആക്രമണം മാത്രമല്ല, നായകൾ കാരണമാകുന്ന റോഡ് അപകടങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റോഡുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തടയാൻ ദേശീയപാത അതോറിറ്റി വിവിധ നടപടികൾ സ്വീകരിച്ചുവരുന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
വന്ധ്യംകരണം നടപ്പാക്കിയാൽ നായകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് നായ സ്നേഹികളുടെ നിലപാട്. അനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശപ്രകാരം ആദ്യം ആൺനായകളെ വന്ധ്യംകരണം ചെയ്യണമെന്നതായും അമിക്കസ് ക്യൂറി വ്യക്തമാക്കി. എന്നാൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങൾ ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
രാജ്യത്തെ തെരുവുനായകളുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്ക് ഇല്ലെന്നാണ് നായ സ്നേഹികളുടെ വാദം. ജനങ്ങളെ ബോധവത്കരിച്ചാൽ തെരുവുനായ ആക്രമണങ്ങൾ തടയാനാകുമെന്നും, കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാമെന്നും അവർ കോടതിയിൽ പറഞ്ഞു. സിഎസ്‌ആർ മാതൃക രാജ്യത്ത് നടപ്പാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി തെരുവുനായ പ്രശ്നം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വിഷയത്തിൽ തുടർ നടപടികൾ പരിഗണിക്കുമെന്ന് വ്യക്തമാക്കി.