kerala

യൂണിഫോമില്‍ കുത്തിവരച്ചത് ചോദ്യംചെയ്തു; പ്ലസ് ടു വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം

By webdesk18

June 24, 2025

പത്തനംതിട്ടയില്‍ യൂണിഫോമില്‍ പേന ഉപയോഗിച്ച് കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദനം. എഴുമറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കി.

ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. സയന്‍സ് വിഭാഗം വിദ്യാര്‍ഥിയായ അഭിനവും ആരോപണവിധേയരായ വിദ്യാര്‍ഥികളും ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷര്‍ട്ടിന് പിന്നില്‍ പേന വെച്ച് വരയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അഭിനവിനെ ഇന്റര്‍വെല്‍ സമയത്ത് അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ബിന്ദു പറഞ്ഞു.