india

സാനിറ്ററി പാഡ് ആവശ്യപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയോട് പരീക്ഷാ ഹാള്‍ വിടാന്‍ ആവശ്യപ്പെട്ട് അധ്യാപകര്‍

By webdesk13

January 27, 2025

പരീക്ഷയ്ക്കിടെ ആര്‍ത്തവം വന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ അധികൃതര്‍ സാനിറ്ററി പാഡ് നല്‍കാതെ ഹെഡ്മിസ്ട്രസ് ഓഫീസിന് പുറത്ത് ഒരു മണിക്കൂര്‍ നിര്‍ത്തി. അതിനുശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടതായി പരാതി.

ഉത്തര്‍പ്രദേശിലെ ബറേലി ടൗണിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ പഠിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടിയെ ഹെഡ്മിസ്ട്രസിന്റെ ഓഫീസിന് പുറത്ത് നിര്‍ത്തുകയും അപമാനിക്കുകയും ചെയ്തു. ഒടുവില്‍ അതേ വസ്ത്രത്തില്‍ തന്നെ കുട്ടിക്ക് വീട്ടിലേക്ക് പോകേണ്ടി വന്നു. ശനിയാഴ്ചയാണ് സംഭവം.

രോഷാകുലരായ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ‘ഈ സംഭവം മൂലം ഞങ്ങളുടെ കുട്ടിക്ക് മാനസികമായ അപമാനം നേരിട്ടു. കുറ്റക്കാരായ അധ്യാപകര്‍ ശിക്ഷിക്കപ്പെടണം,’ വിദ്യാര്‍ത്ഥിനിയുടെ ‘അമ്മ പറഞ്ഞു.

എന്നാല്‍, വിവരം ലഭിച്ചപ്പോള്‍ തന്നെ വിദ്യാര്‍ഥിനി വീട്ടിലേക്ക് പോയിരുന്നുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ രചന അറോറ പറഞ്ഞു. ‘ഞങ്ങളുടേത് ഗേള്‍സ് കോളേജാണ്, സ്‌കൂളില്‍ സാനിറ്ററി പാഡുകള്‍ ഉണ്ട്. എന്തുകൊണ്ടാണ് അവള്‍ക്ക് പാഡ് നല്‍കാത്തതെന്ന് ഞങ്ങള്‍ അന്വേഷിച്ച് വരികയാണ്,’ അവര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും മുതിര്‍ന്ന ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ ബറേലിയില്‍ പറഞ്ഞു. ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.