News

ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് സൈനിക അകമ്പടി നൽകാനാവില്ലെന്ന് യുഎസ് നാവികസേന

By vismaya

March 11, 2026

ന്യൂയോർക്ക്: നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് സൈനിക അകമ്പടി നൽകാൻ തൽക്കാലം കഴിയില്ലെന്ന് യുഎസ് നാവികസേന വ്യക്തമാക്കി. ആഗോള ഷിപ്പിംഗ് വ്യവസായ മേഖലയെ ഇതുസംബന്ധിച്ച് സേന അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഈ സുപ്രധാന ജലപാതയിലൂടെ സഞ്ചരിക്കുന്ന ടാങ്കറുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി നിരവധി ഷിപ്പിംഗ് കമ്പനികൾ മുന്നോട്ട് വന്നിരുന്നു. ഷിപ്പിംഗ്, ഓയിൽ മേഖലകളിലെ പ്രതിനിധികളുമായി യുഎസ് നേവി പതിവായി ചർച്ചകൾ നടത്തിവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.

ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പലുകൾക്ക് അകമ്പടി നൽകുന്നത് ഇപ്പോൾ സാധ്യമല്ലെന്നും ആക്രമണ സാധ്യത കുറയുന്ന സാഹചര്യത്തിൽ മാത്രമേ അത് പരിഗണിക്കാനാകൂവെന്നും നാവികസേന അറിയിച്ചു. നിലവിൽ സംഘർഷം കുറയ്ക്കുന്നതിനുള്ള കാര്യമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളില്ല.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങൾക്ക് ഇറാൻ ശക്തമായി തിരിച്ചടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഫെബ്രുവരി 28ന് ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം വലിയ രീതിയിൽ ബാധിക്കപ്പെട്ടതോടെ ആഗോള എണ്ണവിതരണത്തിലും തടസ്സം അനുഭവപ്പെടുന്നുണ്ട്.

ഇതിനുമുമ്പ് ആവശ്യമുണ്ടെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് യുഎസ് നാവികസേന അകമ്പടി നൽകുമെന്ന്    പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനെ ഇറാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. “അവർ വരാനിരിക്കുകയാണ്, ഞങ്ങൾ കാത്തിരിക്കുകയാണ്” എന്നായിരുന്നു ഇറാൻ സൈനിക വക്താവ് അലി മുഹമ്മദ് നൈനിയുടെ പ്രതികരണം. യു.എസ് അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് 1987ലെ ആക്രമണവും അടുത്തിടെ നടന്ന സംഭവങ്ങളും ഓർക്കണമെന്ന് ഇറാനിയൻ സേന മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.