kerala

പെരിയ ഇരട്ടക്കൊല കേസിലെ വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; പി.എം.എ സലാം

By webdesk18

December 28, 2024

പെരിയ ഇരട്ടക്കൊല കേസില്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍ ആണെന്ന് കണ്ടെത്തിയ കോടതി വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. സുപ്രീംകോടതി അഭിഭാഷകരെ പോലും വിളിച്ചു വരുത്തി പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു.

ഉന്നത നേതാക്കളുടെ അറിവോടെയാണ് കൊലപാതകവും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നത്. മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി അംഗവുമെല്ലാം കൊലപാതകത്തില്‍ പങ്കാളിത്തം വഹിച്ചു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്.

സിപിഎമ്മിന് ഈ കൊലപാതകത്തിലുള്ള പങ്ക് പകല്‍പോലെ വ്യക്തമാകുന്ന കോടതിവിധിയാണ് വന്നിരിക്കുന്നത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനും ജനങ്ങളോട് മാപ്പ് പറയാനും ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകണം. ‘ഞങ്ങളോട് കളിച്ചാല്‍ ഷുക്കൂറിന്റെ ഗതി വരു’മെന്ന് ഒരു സി.പി.എം നേതാവ് പ്രസംഗിച്ചത് കഴിഞ്ഞ ദിവസമാണ്. ചോരക്കളി അവസാനിപ്പിക്കാന്‍ സി.പി.എം ഒരുക്കമല്ലെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.