india

ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തി; ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം

By webdesk18

June 01, 2025

ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളും, ആയുധങ്ങളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് പ്രധാന പ്രതികള്‍. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും പ്രതികളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്ന് റസ്ര പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വിപിന്‍ സിങ് അറിയിച്ചു