kerala

കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും

By webdesk17

July 25, 2025

കോഴിക്കോട്: കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാന നിരവധി ആളുകളെ ആക്രമിക്കുകയും കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.

ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളില്‍ തുടരുന്ന കുട്ടിയാന വലിയ ഭീതി സൃഷ്ടിച്ചിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഭീഷണിയായി മാറുന്ന ആനയെ പിടികൂടാന്‍ വനം വകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയെ മയക്ക് വെടിവെക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ടുദിവസം ജനവാസ മേഖലയില്‍ കാട്ടാനയുണ്ടായിട്ടും പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനയെ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നല്‍കി.

വെറ്റിനററി ഡോക്ടര്‍ ഇന്ന് സ്ഥലത്ത് എത്തും. ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ആര്‍ആര്‍ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്.