kerala

ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍

By webdesk17

December 07, 2025

കൊച്ചി: ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ് (24)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നെടുവന്നൂരാണ് സംഭവം.

ട്രെയിനില്‍ നിന്നും പൊതികള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികള്‍ ശേഖരിച്ച് പോകുന്ന യുവതിയെ കണ്ടത്. യുവതിയുടെ ബാഗില്‍ നാല് പൊതികളിലായി എട്ട് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.

റെയില്‍വേ സ്റ്റേഷനുകളില്‍ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാര്‍ പുതിയന്ത്രം പരീക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടു വയ്ക്കും. തീവണ്ടിയില്‍ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോള്‍ പുറത്തേക്ക് എറിയും. അവിടെ കാത്തു നില്‍ക്കുന ആളുകള്‍ കഞ്ചാവുമായി സ്ഥലം വിടും.