പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടിന് പുറമേ ഇക്കുറിയും വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കും.
1200 പൊലീസുകാരാണ് പരേഡ് ഗ്രൗണ്ടിലും വെള്ളി ഗ്രൗണ്ടിലും ആയി സുരക്ഷ ഒരുക്കുക. പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഗതാഗതനിയന്ത്രണം, സിസിടിവി സംവിധാനങ്ങള്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന അടക്കം വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണയുമുള്ളത്. തിരക്ക് പരിഗണിച്ച് ജങ്കാര്‍ സര്‍വീസ്,വാട്ടര്‍ മെട്രോ, സി വാട്ടര്‍ ബോട്ട് സര്‍വീസ്, കൊച്ചി മെട്രോ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകും. കെഎസ്ആര്‍ടിസിയും സ്പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കുന്ന സ്വകാര്യ ബസ്സുകളും അധിക സര്‍വീസും നടത്തും.
ഫോര്‍ട്ടുകൊച്ചി കൂടാതെ കാക്കനാട് പള്ളുരുത്തി മലയാറ്റൂര്‍ തുടങ്ങിയ മേഖലകളിലും ഇത്തവണ വിപുലമായ പുതുവത്സര ആഘോഷ പരിപാടികള്‍ ആണ് നടക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും വിപുലമായ ന്യൂഇയര്‍ ആഘോഷങ്ങളാണ് നടക്കുന്നത്.
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ച് തുടങ്ങും. റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവത്സരം ആദ്യം പിറക്കുന്നത്. പിന്നാലെ, ഇന്ത്യന്‍ സമയം 3.45-ന് ന്യൂസിലന്‍ഡിലെ ചാറ്റം ഐലണ്ടിലും നാലരയോടെ ഓക്ലണ്ടിലും പുതുവര്‍ഷം പിറക്കും.
ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്‌ട്രേലിയയിലെ മെല്‍ബണിലും സിഡ്‌നിയിലും കാന്‍ബെറയിലും ഏഴരയോടെ ക്യൂന്‍സ്്‌ലാന്‍ഡിലും എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും ഉത്തര കൊറിയയിലെ പ്യോങ്യാങ്ങിലും 2026-ന് തുടക്കമാകും.
രാത്രി ഒമ്പതരയോടെ ബീജിങ്ങിലും ഹോങ്കോങ്ങിലും മനിലയിലും സിംഗപ്പൂരും പുതുവത്സരാഘോഷത്തിന് തുടക്കമാകും. രാത്രി 11 മണിയോടെ മ്യാന്മറിലും പതിനൊന്നരയോടെ ബംഗ്ലാദേശിലും പതിനൊന്നേ മുക്കാലോടെ നേപ്പാളിലും പുതുവത്സരമെത്തിയശേഷമാണ് ഇന്ത്യയില്‍ പുതുവത്സരമെത്തുക. അമേരിക്കയിലെ ബേക്കര്‍ ഐലണ്ടിലും ഹൗലന്‍ഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവില്‍ പുതുവത്സരമെത്തുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കു മാത്രമേ അവിടെ പുതുവര്‍ഷമെത്തൂ.