ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണം. വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ കാലില്‍ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി. പുന്നപ്ര സ്വദേശി അനന്തു അശോകനാണ് പരാതിക്കാരന്‍. ജൂലൈ 17നാണ് അനന്തുവിന് അപകടം സംഭവിച്ചത്.
പിന്നാലെ ആശുപത്രിയില്‍ പ്രവേശിക്കുകയും ശസ്ത്രക്രിയ്ക്ക് ശേഷം 19ന് ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. എന്നാല്‍ വലതു കാലിലെ വേദന മറാതായതോടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ഫൈബര്‍ ചില്ല് പുറത്തെടുത്തത്. അഞ്ചു മാസത്തോളമാണ് വേദന സഹിച്ചു നടന്നതെന്നും അനന്തു അശോകന്‍ പറഞ്ഞു.
സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് അനന്തു പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാസ്ഥയില്‍ ജില്ലാ കളക്ടര്‍ക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കിയിട്ടുണ്ട്.