india

ബാബരി മസ്ജിദ്; പകരം നിര്‍മിക്കാന്‍ നിര്‍ദേശിച്ച പള്ളിയുടെ പ്ലാന്‍ തള്ളി യോഗി സര്‍ക്കാര്‍

By webdesk18

September 24, 2025

യു.പിയില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ തകര്‍ത്ത ബാബരി മസ്ജിദിന് പകരമായി അയോധ്യയില്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ച മുസ്‌ലിം പള്ളിയുടെ നിര്‍മാണ അപേക്ഷ തള്ളി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി. യോഗി സര്‍ക്കാറിനു കീഴിലെ വിവിധ വകുപ്പുകള്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പള്ളി നിര്‍മാണ ട്രസ്റ്റിന്റെ അപേക്ഷ തള്ളിയത്. ഇതേ തുടര്‍ന്ന്, പള്ളി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളി നിര്‍മാണത്തിനായി അയോധ്യ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ധാന്നിപൂര്‍ ഗ്രാമത്തിലാണ് പള്ളി നിര്‍മാണത്തിനായി അഞ്ചേക്കര്‍ ഭൂമി അനുവധിച്ചത്. ഉത്തര്‍ പ്രദേശ് സുന്നി സെന്‍ട്രല്‍ വഖ് ബോര്‍ഡ് ആണ് നിര്‍മാണ അനുമതിക്കായി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിക്കാ പ്ലാന്‍ നല്‍കിയത്. ഇതാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും നിരാക്ഷേപ പത്രം (എന്‍.ഒ.സി) ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ധാന്നിപൂര്‍ ഗ്രാമത്തിലെ പള്ളി നിര്‍മാണ അപേക്ഷ നിരസിച്ചത്.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ ഓം പ്രകാശ് സിങ് ആണ് വിവരാവകാശ നിയമ പ്രകാരം വിശദാംശങ്ങള്‍ പുറത്തുകൊണ്ടു വന്നത്.

2021 ജൂണ്‍ 23നാണ് പള്ളി നിര്‍മാണചുമതലയുള്ള ട്രസ്റ്റ് പ്ലാന്‍ സമര്‍പ്പിച്ചത്. എന്നാല്‍, പൊതുമരാമത്ത് വിഭാഗം, മലിനീകരണ നിയന്ത്രണ വിഭാഗം, സിവില്‍ ഏവിയേഷന്‍, ജലസേചനം, റവന്യൂ, മുനിസിപ്പല്‍ കോര്‍പറേഷന്‍, ഫയര്‍ സര്‍വീസ് തുടങ്ങിയ വകുപ്പുകള്‍ പ്രസ്തുത സ്ഥലത്തെ പള്ളി നിര്‍മാണത്തിന് എന്‍.ഒ.സി നല്‍കാത്തതിനെ തുടര്‍ന്ന് പ്ലാന്‍ തള്ളിയതായി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി ആര്‍.ടി.ഐ മറുപടിയില്‍ അറിയിച്ചു. അപേക്ഷക്കൊപ്പം പള്ളി നിര്‍മാണ ട്രസ്റ്റ് എ.ഡി.എയില്‍ നാല് ലക്ഷം രൂപ സെക്യുരിറ്റി ഡെപോസിറ്റ് ആയി നിക്ഷേപിച്ചിട്ടുണ്ട്. പ്ലാന്‍ നിരസിച്ചതായി ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി അതാര്‍ ഹുസൈന്‍ പ്രതികരിച്ചു.

1992 ഡിസംബര്‍ ആറിനായിരുന്നു തീവ്രഹിന്ദുത്വ വാദികള്‍ ബാബരി മസ്ജിദ് അടിച്ചു തകര്‍ത്തത്. ഒടുവില്‍ പതിറ്റാണ്ടുകള്‍ ശേഷം 2019 നവംബര്‍ ഒമ്പതിനായിരുന്നു കേസില്‍ സുപ്രീം കോടതി ചരിത്രപ്രസിദ്ധ വിധിന്യായം നടത്തിയത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമിയായി പ്രഖ്യാപിച്ച കോടതി ഇവിടെ രാമക്ഷേത്രം പണിയാന്‍ അനുവാദം നല്‍കി. ഒപ്പം, മുസ്‌ലിം വിഭാഗങ്ങള്‍ക്കായി പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ ഭൂമി വിട്ടു നല്‍കാനും നിര്‍ദേശിച്ചു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുകയും, 2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നിര്‍വഹിക്കുകയും ചെയ്തു. സുന്നി വഖഫ് ബോര്‍ഡിന് 2020 ഫെബ്രുവരിയില്‍ സൊഹാവലിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ ഭൂമി കൈമാറിയെങ്കിലും പ്ലാന്‍ അംഗീകാരം പോലും നല്‍കാത്തതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം അനന്തമായി നീളുകയാണ്.

മസ്ജിദ് ഇ അയോധ്യയെന്ന പേരില്‍ പള്ളി, ആശുപത്രി, സാമൂഹിക അടുക്കള, ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്നതാണ് അഞ്ചേക്കര്‍ ഭൂമിയിലെ പള്ളി. എന്നാല്‍, പള്ളി നിര്‍മാണത്തിനായി ഫണ്ട് കണ്ടെത്തുന്നത് സംബന്ധിച്ച് വെല്ലുവിളികളും ട്രസ്റ്റ് നേരിടുന്നുണ്ട്.