ബംഗളൂരു: വിവാഹവേദികളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച കേസിൽ സ്വകാര്യ കോളജിലെ പ്രഫസർ ബംഗളൂരുവിൽ അറസ്റ്റിലായി. കെ.ആർ. പുരം സ്വദേശിയും കന്നഡ പ്രഫസറുമായ രേവതിയെയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.
രേവതിയുടെ ഭർത്താവ് ഹൃദ്രോഗിയാണെന്നും, മകന്റെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെ കുടുംബ ബാധ്യതകൾ വർധിച്ചതോടെയാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. വിവാഹ ചടങ്ങുകളിൽ വരന്റെയോ വധുവിന്റെയോ ബന്ധുവെന്ന വ്യാജേന പങ്കെടുക്കുകയും തിരക്കിനിടയിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയുമായിരുന്നു മോഷണ രീതി.
നവംബർ 25ന് ബസവനഗുഡി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെ 32 ഗ്രാം തൂക്കമുള്ള സ്വർണമാലയും മറ്റൊരു വിലപിടിപ്പുള്ള മാലയും നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഡിസംബർ ഒന്നിന് രേവതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത പൊലീസ്, കോടതിയിൽ ഹാജരാക്കി 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ, ബംഗളൂരുവിലെ മറ്റ് രണ്ട് സ്ഥലങ്ങളിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെയും വിവാഹ മണ്ഡപങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഡിസംബർ രണ്ടിനും 12നും ഇടയിൽ രേവതിയുടെ വീട്ടിൽ നിന്നും കടുബീസനഹള്ളിയിലെ ഒരു ബാങ്ക് ലോക്കറിൽ നിന്നുമായി 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.