crime

തെരുവില്‍ ബലൂണ്‍ കച്ചവടത്തിന്റെ മറവില്‍ കവര്‍ച്ച; മൂന്നംഗ സംഘം പിടിയില്‍

By webdesk14

February 13, 2023

ബലൂണ്‍ കച്ചവടത്തിന്റെ മറവില്‍ മോഷണം നടത്തുന്ന മൂന്ന് രാജസ്ഥാന്‍ സ്വദേശികളെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ക്ക് 15 വയസ്സ് മാത്രമാണ് പ്രായം. രാംദന്‍(48), സൂരജ് ബാഡ്ജര്‍(19) എന്നിവരാണ് മറ്റ് പ്രതികള്‍. 15കാരനെ സി.ഡബ്യൂ.സി മുമ്പാകെ ഹാജരാക്കും. മോഷണസംഘം പച്ചാളം ലൂര്‍ദ് ആശുപത്രിക്ക് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപ കവര്‍ച്ച നടത്തിയിരുന്നു.

എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്.ഐ.ടി.എസ് രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അങ്കമാലിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട ഒരാള്‍ക്കായി അന്വേഷണം ആരംഭിച്ചു. തെരുവോരത്ത് ബലൂണ്‍ കച്ചവടത്തിനായി തമ്പടിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തിലെ അംഗങ്ങളാണ് മോഷ്ടാക്കള്‍. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.