kerala

നവകേരള സദസ്സ്, മലപ്പുറം ജില്ലയിലും പണം ചിലവാക്കിയതിന് കണക്കില്ല

By webdesk13

February 11, 2024

നവകേരള സദസിന് ചെലവാക്കിയ തുക സംബന്ധിച്ച് മലപ്പുറം ജില്ലയിലെ ഭൂരിഭാഗം നിയമസഭ മണ്ഡലങ്ങളിലും കണക്കില്ല. 10 മണ്ഡലങ്ങളില്‍ പിരിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കണക്കില്ലെന്ന മറുപടിയാണ് വിവരാവകാശ രേഖ പ്രകാരം നോഡല്‍ ഓഫീസര്‍മാര്‍ നല്‍കിയത്. നാല് നിയോജക മണ്ഡലത്തില്‍ പിരിച്ചെടുത്തതിനെക്കാള്‍ തുക ചെലവഴിച്ചു.

ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ഇടതുപക്ഷ നേതാക്കളും ഉള്‍പെട്ടെ സംഘാടക സമിതിയാണ് നവകേരള സദസിനായി പണം പിരിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, പൊന്നാനി, താനൂര്‍, തിരൂര്‍, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളില്‍ പിരിച്ചതിന്റെയും ചെലവാക്കിയതിന്റെയും കണക്ക് ലഭ്യമല്ലെന്ന മറുപടിയാണ് നോഡല്‍ ഓഫീസര്‍മാര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയത്. കോട്ടക്കല്‍ നഗരസഭ 21,53, 878 രൂപ ചെലവാക്കിയിട്ടുണ്ട്. എത്ര പിരിച്ചു എന്നതിന് കണക്കില്ല.

തിരൂരങ്ങാടി, മങ്കട മണ്ഡലങ്ങള്‍ പിരിച്ചതിനെക്കാള്‍ 5 ലക്ഷം രൂപയിലധികം ചെലവഴിച്ചു. വണ്ടൂര്‍, തവനൂര്‍ മണ്ഡലങ്ങളില്‍ ചെറിയ തുകയാണ് അധികം ചെലവഴിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 26 ലക്ഷം പിരിച്ചെടുത്തെങ്കിലും 19 ലക്ഷം മാത്രം ചെലവഴിച്ചിട്ടിട്ടുള്ളൂ.