കോഴിക്കോട്: ടോൾ പ്ലാസകളിൽ പണം നൽകാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. കോഴിക്കോട് ദേശീയപാത ബൈപ്പാസിലെ ടോൾ പ്ലാസയിൽ ടോൾ വെട്ടിച്ച് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് അധികൃതർക്ക് കൈമാറിത്തുടങ്ങി.
ഇന്നലെ മാത്രം ടോൾ നൽകാതെ 86 വാഹനങ്ങളാണ് കടന്നുപോയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 32 വാഹനങ്ങളും ടോൾ അടയ്ക്കാതെ യാത്ര തുടർന്നു. ഇതോടെ ടോൾ വെട്ടിപ്പ് തടയാൻ പൊലീസ് നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.
ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് ₹1000 പിഴ ചുമത്തും. കൂടാതെ നിയമനടപടികൾക്കും കേസിനും വിധേയരാകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ടോൾ നൽകാതെ കടന്നുപോകുന്നവരിൽ കൂടുതലും കാറുകളാണെന്നാണ് കണ്ടെത്തൽ. നേരത്തെ തർക്കങ്ങളും സംഘർഷസാധ്യതയും ഒഴിവാക്കാനായി ടോൾ നൽകാത്ത വാഹനങ്ങൾ ജീവനക്കാർ തടഞ്ഞുനിർത്തുന്നത് അവസാനിപ്പിച്ചതോടെയാണ് ടോൾ വെട്ടിപ്പ് വർധിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.