News

‘മുഹമ്മദ് ഷമിയെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമില്ല” ; സൗരവ് ഗാംഗുലി

By webdesk17

November 11, 2025

കൊല്‍ക്കത്ത: ഇന്ത്യന്‍ വേഗതാരമായ മുഹമ്മദ് ഷമിയെ ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ യാതൊരു ന്യായവും ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി വ്യക്തമാക്കി.

2025 മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഷമി ഇന്ത്യക്കായി ഒരും മത്സരം കളിച്ചിട്ടില്ല. രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ അതുല്യ ഫോമിലായിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ പരിഗണിക്കാതിരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ഷമിയെ ഒഴിവാക്കിയിരുന്നു. അന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്, ”ഷമി ആവശ്യത്തിന് മത്സരങ്ങള്‍ കളിച്ചിട്ടില്ല” എന്നായിരുന്നു. എന്നാല്‍, ഈ സീസണില്‍ ഷമി കളിച്ച രണ്ട് രഞ്ജി മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

താരത്തിനെ ടീമില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാക്കുന്നതിനെതിരെ ഷമിയുടെ പേഴ്സണല്‍ കോച്ചായ മുഹമ്മദ് ബദറുദ്ദീന്‍ തുറന്നുപറഞ്ഞതും ശ്രദ്ധേയമായിരുന്നു.

”ഷമി പൂര്‍ണ്ണമായി ഫിറ്റാണ്, അതുല്യ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രഞ്ജി മത്സരങ്ങളില്‍ അദ്ദേഹം ബംഗാളിനെ ഒറ്റയ്ക്ക് വിജയിപ്പിക്കുന്നത് എല്ലാവര്‍ക്കും കാണാനായിട്ടുണ്ട്. സെലക്ടര്‍മാര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഷമിയും സെലക്ടര്‍മാരും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടാകാം, എനിക്കറിയില്ല. പക്ഷേ ഫിറ്റ്നസും സ്‌കിലും പരിഗണിച്ചാല്‍ ഷമിയെ ഒഴിവാക്കാന്‍ യാതൊരു കാരണവുമില്ല,” എന്ന് ഗാംഗുലി വ്യക്തമാക്കി.

”ഷമി ടെസ്റ്റിലായാലും, ഏകദിനത്തിലായാലും, ടി20യിലായാലും ഇന്ത്യയ്ക്കായി കളിക്കാന്‍ അര്‍ഹനായ താരമാണ്, കാരണം അദ്ദേഹം രാജ്യത്തെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.