kerala

ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇല്ല; ഭൂമി ആവശ്യപ്പെട്ട് ആദിവാസികളുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു

By sreenitha

December 27, 2025

ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി ആദിവാസികളുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്നു വന്നിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ 221 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചതെന്ന് സമരസമിതി അറിയിച്ചു. തുടര്‍ന്നുള്ള പോരാട്ടം നിയമപരമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.

”തലചായ്ക്കാന്‍ ഞങ്ങളുടെ സ്വന്തം മണ്ണ് തരൂ, മരിച്ചാല്‍ മറവ് ചെയ്യാന്‍ ആറടി മണ്ണ് തരൂ” എന്ന ആവശ്യവുമായി കഴിഞ്ഞ ഏഴ് മാസത്തോളമായി ആദിവാസികള്‍ ഭൂസമരം നടത്തി വരികയായിരുന്നു. എന്നാല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച ശേഷം നിയമ പോരാട്ടം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ബിന്ദു വൈലാശ്ശേരി പറഞ്ഞു. ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇല്ലെന്ന് ഉറച്ചുപറയാമെന്നും, ജനാധിപത്യ സര്‍ക്കാരിന്റെ മുന്നിലാണ് സമരങ്ങള്‍ക്ക് വിലയുള്ളതെന്നും അവര്‍ വിമര്‍ശിച്ചു. ഭൂമി നല്‍കുമെന്ന് കരാറില്‍ ഒപ്പിട്ടവര്‍ അതിന് മറുപടി പറയട്ടെയെന്നും, നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകുമെന്നും ബിന്ദു വ്യക്തമാക്കി.

ഗ്രോ വാസു, കെ. അജിത തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയിരുന്നു. ഭൂമി നല്‍കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നും, സര്‍ക്കാര്‍യും സംവിധാനങ്ങളും സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.